ബത്തേരി കെ.എസ്.ആര്‍.ടി.സി ജില്ലാ ഡിപ്പോ ഭൂമിയുടെ പാട്ടം പുതുക്കി നല്‍കി സര്‍ക്കാര്‍ ഉത്തരവ്. ആര്‍ ഒന്നിന് 100 രൂപ നിരക്കില്‍ 30 വര്‍ഷത്തേക്കാണ് പാട്ടക്കരാര്‍ പുതുക്കിയത്. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ റവന്യു വകുപ്പ് അഡി.ചീഫ് സെക്രട്ടറി ഡോ.എ ജയതിലക് ആണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. 1997ല്‍ കഴിഞ്ഞ പാട്ട കരാറാണ് പുതുക്കി നല്‍കിയിരിക്കുന്നത്. 1997 മുതല്‍ 2027 വരെയാണ് നിലവിലെ പുതുക്കിയ പാട്ടക്കാലവധി.
വര്‍ഷം 464 രൂപ പാട്ടവാടകയ്ക്ക് 1972 മുതലാണ് കെ.എസ്.ആര്‍.ടി.സിക്ക് 3.77 ഹെക്ടര്‍ഭൂമി 25 വര്‍ഷത്തേക്ക് പാട്ടം നല്‍കിയത്. ഇതിന്റെ കാലാവധി 97ല്‍ കഴിഞ്ഞെങ്കിലും കരാര്‍ പുതുക്കിയിരുന്നില്ല. എന്നാല്‍ 1997ന് ശേഷവും കെ.എസ്.ആര്‍.ടി.സി മുമ്പ് വര്‍ഷം തോറും അടച്ചുവന്നിരുന്ന തുക 2021 വരെ അടക്കുകയും ചെയ്തിരുന്നു. പാട്ടക്കാലവധി പുതുക്കാതെ തുകമാത്രം അടച്ചതുശ്രദ്ധയില്‍പെട്ടതോടെയാണ് കെ.എസ്.ആര്‍.ടി.സി റവന്യു വകുപ്പിലേക്ക് പാട്ടംപുതുക്കാന്‍ അപേക്ഷ നല്‍കിയത്. തുടര്‍ന്നാണ് പാട്ടക്കാലാവധി പുതുക്കിയത്. അതേസമയം പാട്ടംപുതുക്കാത്തതിനാല്‍ 1997 മുതല്‍ 2022 വരെ ഭൂമിയുടെ കമ്പോളവിലയുടെ രണ്ട് ശതമാനം തോതില്‍ പാട്ടനിരക്ക് കണക്കാക്കി 11 കോടി 49 ലക്ഷം രൂപയാണ് കെ.എസ്.ആര്‍.ടി.സി ജില്ലാ ഡിപ്പോ സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ടിയിരുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ നിലവിലെ സാഹചര്യം പരിഗണിച്ച് ഇതൊഴിവാക്കിയാണ് 1997 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പാട്ടം പുതുക്കി നല്‍കിയിരിക്കുന്നത്. ഇതോടെ പാട്ടംപുതുക്കാത്ത 26 വര്‍ഷത്തെ പാട്ടതുകയായി കണക്കാക്കിയ പതിനൊന്നര കോടി രൂപ കെ.എസ്.ആര്‍.ടി.സി അടക്കേണ്ടിവരില്ല. പകരം പാട്ടക്കാലവധി കഴിഞ്ഞ 1997 മുതല്‍ 2002 വരെ കൈവശ ഭൂമിയില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷനും ഫയര്‍ ആന്‍ഡ് റസ്‌ക്യു സ്റ്റേഷനുമായി കൈമാറിയ 1.2 ഹെക്ടര്‍ ഭൂമി ഒഴിച്ചുള്ള ഭൂമിക്ക് 7,30037 രൂപ കെ.എസ്.ആര്‍.ടി.സി അടയ്‌ക്കേണ്ടി വരും. പാട്ടം പുതുക്കാതെ 1997 മുതല്‍ 2021 വരെ കെ.എസ്.ആര്‍.ടി.സി റവന്യുവിലേക്ക് വര്‍ഷംതോറും അടച്ചുവന്നിരുന്ന 464 രൂപ നിലവില്‍ കണക്കാക്കിയിരിക്കുന്ന പാട്ടവാടകയിലേക്ക് കിഴിക്കാനാണ് സാധ്യത.