ലീഗല്‍ മെട്രോളജി  ഓണക്കാല പരിശോധന തുടങ്ങി

0

ഓണക്കാലത്ത് അളവുതൂക്ക തട്ടിപ്പ് നടത്തുന്നവരെ പിടിക്കാന്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ മിന്നല്‍ പരിശോധന തുടങ്ങി. വ്യാപാര കേന്ദ്രങ്ങളില്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയാനാണ് വ്യാപക പരിശോധന. നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം. പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തി പിഴ ചുമത്തും.

അളവുതൂക്ക ഉപകരണങ്ങള്‍ മുദ്ര പതിപ്പിക്കാതെ ഉപയോഗിക്കുക, പാക്കേജ് കമ്മോഡിറ്റീസ് നിയമം അനുശാസിക്കുന്ന പ്രഖ്യാപനങ്ങള്‍ ഇല്ലാത്ത പാക്കറ്റുകള്‍ വില്‍പ്പന നടത്തുക, അളവിലും തൂക്കത്തിലും കുറവ് വരുത്തി വില്‍പ്പന നടത്തുക, എം ആര്‍ പി തിരുത്തി അമിത വില ഈടാക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം. നിര്‍മാതാവ്, പായ്ക്കര്‍, പേര്, ഉത്പന്നത്തിന്റെ പേര്, അളവ്, തൂക്കം, എണ്ണം, പാക്കറ്റ് ഇറക്കുമതി ചെയ്ത തിയതി, എം ആര്‍ പി അഥവാ എല്ലാ നികുതികളും ഉള്‍പ്പെട്ട ചില്ലറ വില്‍പ്പന വില, ഭക്ഷണ പദാര്‍ഥമാണെങ്കില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന കാലാവധി, തിയതി, ഉപഭോക്താവിന് പരാതിപ്പെടാനുള്ള മേല്‍വിലാസം എന്നിവ ഇല്ലാത്തത് കുറ്റകരമാണ്.
ഡിക്ലറേഷന്‍ ഇല്ലാത്ത പാക്കേജിന് നിര്‍മാതാവിന് 25,000രൂപയും ഡീലര്‍ക്ക് 5000രൂപയും പിഴ ചുമത്തും. അളവ് കുറഞ്ഞാല്‍ നിര്‍മാതാവിന് 50,000രൂപയും ഡീലര്‍ക്ക് 10,000രൂപയും പിഴ ചുമത്തും. ലീഗല്‍ മെട്രോളജി വിഭാഗം അളവുതൂക്ക ഉപകരണങ്ങളില്‍ അടിക്കുന്ന സീലില്‍ കൃത്രിമം കാണിച്ചാല്‍ ജയില്‍ ശിക്ഷയാകും ലഭിക്കുക. ഉപഭോക്താക്കള്‍ ജാഗ്രത കാണിച്ചാല്‍ മിക്ക തട്ടിപ്പുകളും തടയാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!