വയനാട് മെഡിക്കല്‍ കോളേജ്: മള്‍ട്ടി പര്‍പ്പസ് സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെയും, കാത്ത് ലാബിന്റെയും ഉദ്ഘാടനം ഏപ്രില്‍ 2ന്
വയനാട് മെഡിക്കല്‍ കോളേജില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച മള്‍ട്ടി പര്‍പ്പസ് സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെയും, കാത്ത് ലാബിന്റെയും ഉദ്ഘാടനം ഏപ്രില്‍ രണ്ടിന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് ഒ.ആര്‍.കേളു എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അന്ന്തന്നെ വന സൗഹൃദ സദസിന്റെ സംസ്ഥാന തല ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും.
രാവിലെ 10 മണിക്ക് വിന്‍സെന്റ് ഗിരി സെന്റ് പാട്രിക്‌സ് സ്‌കൂളില്‍ വന്യ മൃഗ്യ ശല്യ പരിഹാരത്തിനും ജനങ്ങളും വനം വകുപ്പും തമ്മില്‍ ആരോഗ്യകരമായ ബന്ധം ഉറപ്പിക്കുന്നതിനായി ജനപ്രതിനിധികളുമായും 11 മണിക്ക് ഉദ്യോഗസ്ഥ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ വന സൗഹൃദ സദസും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് മെഡിക്കല്‍ കോളേജ് മള്‍ട്ടി പര്‍പ്പസ് സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെയും കാത്ത് ലാബിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജില്ലയിലെ മൂന്ന് എം.എല്‍.എമാര്‍ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും ഒ ആര്‍.കേളു എം.എല്‍.എ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി.വി.എസ് മൂസ, ആശുപത്രി സൂപ്രണ്ട് ഡോ.വി.പി.രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.