80 വയസ് കഴിഞ്ഞവര്‍ക്ക് തപാല്‍ വോട്ട്

0

80 വയസ് കഴിഞ്ഞവര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആവശ്യമെങ്കില്‍ തപാല്‍ വോട്ട് അനുവദിക്കാമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷണര്‍ സുനില്‍ അറോറ അറിയിച്ചു.വോട്ടെടുപ്പ് ഒരു മണിക്കൂര്‍ നീട്ടി.രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയാണ് പോളിംഗ്.തിരക്കു കുറയ്ക്കാന്‍ പോളിംഗ് ബൂത്തുകളുടെ എണ്ണം കൂട്ടി.കേരളത്തില്‍ 2016ല്‍ 21498 ബൂത്തുകളുണ്ടായിരുന്നത് ഇക്കുറി 40771 ആയി.എല്ലാ ബൂത്തുകളും താഴത്തെ നിലയിലായിരിക്കും.

കേരളം,തമിഴ്‌നാട് പുതുച്ചേരി എന്നിവിടങ്ങളില്‍ ഒറ്റ ഘട്ടമായി ഒരേ ദിവസമാണ് തിരഞ്ഞെടുപ്പ്.തമിഴ്‌നാട്ടിലെ കന്യാകുമാരി ലോക്‌സഭാ മണ്ഡലത്തിലും മലപ്പുറത്തിനൊപ്പം ഏപ്രില്‍ 6ന് ഉപതിരഞ്ഞെടുപ്പ് നടക്കും.

കൊവിഡ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച ആഭ്യന്തര മന്ത്രാലയ നിര്‍ദേശങ്ങള്‍ പാലിക്കും.കൊവിഡ് പോസിറ്റീവായവര്‍ക്കും ക്വാറന്റീനിലായവര്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പ്രത്യേകം പുറത്തിറക്കും.പ്രചാരണം നടത്താവുന്ന ഗ്രൗണ്ടുകളുടെ പട്ടിക പ്രദേശിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കും.റോഡ് ഷോ അനുവദിക്കുമെങ്കിലും പരമാവധി 5 വാഹനങ്ങളെ പറ്റൂ.വരണാധികാരികള്‍ക്ക് സാഹചര്യമനുസരിച്ച് തീരുമാനമെടുക്കാം.ഗൃഹ സന്ദര്‍ശനത്തിനു സ്ഥാനാര്‍ത്ഥിയടക്കം 5 പേരെ പാടുള്ളൂ.ചട്ടലംഘനങ്ങള്‍ സി വിജില്‍ ആപ്പിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാം.പ്രവാസി വോട്ടര്‍മാര്‍ക്ക് പരിഗണിച്ചിരുന്ന തപാല്‍ വോട്ട് ഇ-വോട്ട് സൗകര്യം ഇത്തവണയില്ല.

പത്രിക നല്‍കാം , ഓണ്‍ലൈനിലും

പത്രിക നല്‍കാന്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം 2 പേരെയേ അനുവദിക്കൂ. ഓണ്‍ലൈനായും പത്രിക നല്‍കാം.പ്രിന്റ് ഔട്ട് വരണാധികാരിക്ക് നല്‍കണം.കെട്ടിവയ്ക്കാനുള്ള തുകയും ഓണ്‍ലൈനായി അടക്കാം.

സഹായത്തിന് വോട്ടര്‍ ഗൈഡ്

എല്ലാ വോട്ടര്‍മാര്‍ക്കും വോട്ടിംഗ് പ്രക്രിയ സംബന്ധിച്ച ഗൈഡ് ലഭ്യമാക്കും. ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ നമ്പര്‍,ഹെല്‍പ് ലൈന്‍ നമ്പറുകള്‍ ,തിരിച്ചറിയല്‍ രേഖകള്‍ സംബന്ധിച്ച വിവരങ്ങള്‍ എന്നിവയും കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളും ഇതിലുണ്ടാവും.

തപാല്‍ വോട്ട് പട്ടിക കമ്മീഷന്‍ തയാറാക്കും

80 കഴിഞ്ഞവര്‍ക്കു പുറമേ ഭിന്നശേഷിക്കാര്‍,കൊവിഡ് ബാധിതര്‍, പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ എന്നിവര്‍ക്കും തപാല്‍ വോട്ട് അനുവദിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇവരുടെ പട്ടിക കമ്മീഷന്‍ തയാറാക്കി അപേക്ഷ വീടുകളിലെത്തിക്കും.തപാല്‍ വോട്ട് വേണ്ടെങ്കില്‍ വോട്ടര്‍ക്ക് നിരസിക്കാം.പകരം 80 കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഏതു സമയത്തും ബൂത്തിലെത്തി വോട്ട് ചെയ്യാം.അതേസമയം കൊവിഡ് ബാധിതര്‍ക്കും പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്കും അവസാന ഒരു മണിക്കൂര്‍ മാത്രമായിരിക്കും അവസരം.

Leave A Reply

Your email address will not be published.

error: Content is protected !!