കാലവര്‍ഷം കനത്തിട്ടും അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റാന്‍ നടപടിയില്ല

0

കാലവര്‍ഷം കനത്തിട്ടും കല്‍പ്പറ്റ കൈനാട്ടി- മടക്കിമല റോഡില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റാന്‍ നടപടിയില്ലെന്ന് പരാതി. റോഡിന് ചുറ്റുമുള്ള കാടും വളര്‍ന്നതോടെ സൂചന ബോര്‍ഡുകളും കാണാനില്ല. ഇതോടെ ഈ വഴി പോകുന്ന യാത്രക്കാര്‍ക്ക് അപകട ഭീഷണിയിലാണ്.കാലപ്പഴക്കം മൂലം ഉണങ്ങി ദ്രവിച്ച ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയില്‍ റോഡിന് സമീപത്ത് നിരവധി മരങ്ങളുമുണ്ട്.വീഴാറായി നില്‍ക്കുന്ന മരം വൈദ്യുത കാലുകള്‍ക്കും ഭീഷണിയാണ്.വലിയ അപകടങ്ങള്‍ ഉണ്ടാകുന്നതിനു മുമ്പ് മരം മുറിച്ചുമാറ്റാനും,റോഡിന് ഇരുവശങ്ങളിലുമായി യാത്രക്കാര്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന കാട് വെട്ടിത്തെറിക്കാനും നടപടി സ്വീകരിക്കാമെന്ന് ആവശ്യവും ശക്തമാവുകയാണ്.

കല്‍പ്പറ്റ കൈനാട്ടി മുതല്‍ – മടക്കിമല വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലാണ് കാടു വളര്‍ന്നുനില്‍ക്കുന്നത്. ഇതോടെ വളവുകളിലും ചെരിവിലുമായി ഉണ്ടായിരുന്ന സൂചന ബോര്‍ഡുകളും ഇതുവഴി കടന്നു പോകുന്ന യാത്രക്കാര്‍ക്ക് കാണാതെയായി. കാലവര്‍ഷം കനത്തതിനാല്‍ മഴയിലും കാറ്റിലും മരത്തിന്റെ അടര്‍ന്ന ചില്ലകള്‍ വീണ് ഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെടാനും സാധ്യത കൂടുതലാകുന്നു. വീഴാറായി നില്‍ക്കുന്ന മരം വൈദ്യുത കാലുകള്‍ക്കും ഭീഷണിയാണ്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. കാലവര്‍ഷത്തിന് മുന്നോടിയായി ജില്ലയില്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ രീതിയില്‍ സ്ഥിതി ചെയ്യുന്ന മരങ്ങളും ശിഖരങ്ങളും നീക്കം ചെയ്യുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശം നല്‍കി ജില്ലാ കളക്ടര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളില്‍ ഒന്നായ ഈ ഭാഗത്തെ അപകടഭീഷണിയിലുള്ള മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റുന്നതിന് ഇതുവരെ നടപടി ഉണ്ടായിട്ടില്ല.

Leave A Reply

Your email address will not be published.

error: Content is protected !!