സ്‌പെഷ്യല്‍ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. അരിവിതരണം തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ വോട്ടറെ സ്വാധീനിക്കാനോ ഉപയോഗിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു.
മുന്‍ഗണനേതര വിഭാഗത്തിനുള്ള സ്‌പെഷ്യല്‍ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെയുള്ള സര്‍ക്കാര്‍ അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അരിവിതരണവുമായി സംസ്ഥാന സര്‍ക്കാരിന് മുന്നോട്ടുപോകാം. എന്നാല്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ അരിവിതരണം ഉപയോഗിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. ജസ്റ്റീസ് പി.വി. ആഷയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അരി വിതരണം തടഞ്ഞത്. പിന്നോക്ക വിഭാഗത്തിനും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കുന്ന അരിവിതരണം തടഞ്ഞിരുന്നില്ല. ഇത് നേരത്തെ തന്നെ പ്രഖ്യാപിച്ച കാര്യമാണെന്ന് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. എന്നാല്‍ മുന്‍ഗണനേതര വിഭാഗത്തിന് പ്രത്യേക ഇളവില്‍ അരി നല്‍കാനുള്ള സര്‍ക്കാരിന്റെ നീക്കമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞത്. എന്നാല്‍ ഇത് ബജറ്റില്‍ പ്രഖ്യാപിച്ചതാണെന്നും അതിനാല്‍ പെരുമാറ്റചട്ട ലംഘനമില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം.