ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം.

0

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി സ്ത്രീശാക്തീകരണത്തിന് പ്രാധാന്യം കൊടുക്കുന്ന ദിനമാണ് വനിതാദിനം. ‘ലിംഗസമത്വത്തില്‍ പുതിയ കണ്ടുപിടിത്തങ്ങളുടെയും സാങ്കേതികവിദ്യയുടെയും സ്ഥാനം’ എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ തീം.

സ്ത്രീത്വത്തിന്റെ മഹത്തായ ആഘോഷമാണ് ഓരോ വനിതാദിനവും. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക നേട്ടങ്ങളെ ആദരിക്കുന്ന ദിനം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ അവളെ ശാക്തീകരിക്കുന്നതിന്റെ അവള്‍ വിദ്യാഭ്യാസം ആര്‍ജിക്കുന്നതിന്റെ പ്രാധാന്യമെടുത്ത് പറയുന്ന ദിനം. സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിച്ച്, ലിംഗസമത്വവും ഉറപ്പാക്കുക എന്നതിനൊപ്പം സ്ത്രീയുടെ അവകാശങ്ങളെ കുറിച്ച് ബോധവല്‍ക്കരിക്കുക എന്നതാണ് ദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യം.

20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായിരുന്ന യു.എസ് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുമായും, തൊഴിലാളി പ്രസ്ഥാനങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകള്‍ മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ക്കും വോട്ടവകാശത്തിനും വേണ്ടി പോരാടിയിരുന്നു കാലമായിരുന്നു അത്. 1911-ല്‍ ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളിലാണ് ആദ്യമായി അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചത്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തി ഒരു ദശലക്ഷത്തിലധികം ആളുകള്‍ അന്ന് അണിനിരന്നു.

അതിനു ശേഷം ഇത്തരമൊരു ദിനാചാരണത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും കൂടുതല്‍ വര്‍ദ്ധിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ മുതല്‍ ജോലിസ്ഥലത്തെ തുല്യത വരെയുള്ള വിഷയങ്ങള്‍ ഇന്ന് ചര്‍ച്ചയാകുന്നു. 1977-ലാണ് ആദ്യമായി യുഎന്‍ അന്താരാഷ്ട്ര വനിതാ ദിനം ഔദ്യോഗികമായി അംഗീകരിച്ചത്. വനിതകള്‍ തങ്ങളുടെ കരുത്തിന്റെ പിന്‍ബലത്തില്‍ എല്ലാ മേഖലകളിലും ഉയരങ്ങള്‍ കീഴടക്കിയിട്ടുണ്ടെങ്കിലും, ഇപ്പോഴും അവളെ പുരുഷന്റെ അടിമയായും പുരുഷ മേധാവിത്വം കാട്ടുന്നതിനുള്ള ഇടമായും കാണുന്നവര്‍ സമൂഹത്തിലുണ്ട് എന്നത് അവരുടെ പ്രതീക്ഷകളെ കെടുത്തുന്നതാണ്.

ഉയരങ്ങളില്‍ നിന്ന് കൂടുതല്‍ ഉയരങ്ങളിലേക്ക് എത്താന്‍ അവള്‍ക്ക് കരുത്ത് പകരുന്നത് ആകട്ടെ ഈ ദിനം. പെണ്‍കരുത്തിന്റെ കാഹളം മുഴങ്ങാന്‍ വരാനിരിക്കുന്ന നാളുകള്‍ അവളുടെത് കൂടിയായി മാറട്ടെ.

 

Leave A Reply

Your email address will not be published.

error: Content is protected !!