പുതിയ മന്ത്രിസഭയില്‍ പുതുമുഖങ്ങളെ ഇറക്കി പരീക്ഷിക്കാന്‍ സിപിഐഎം

0

തുമുഖങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഇടംനല്‍കിയുള്ള രണ്ടാം പിണറായി മന്ത്രിസഭ രൂപീകരിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് എല്‍ഡിഎഫ് നേതൃത്വം. പുതിയ മന്ത്രിസഭയില്‍ പത്ത് പുതുമുഖങ്ങളെ ഇറക്കി പരീക്ഷിക്കാന്‍ ആണ് സിപിഐഎം തീരുമാനം. കെ കെ ശൈലജ ഒഴികെ കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളുടെ കാര്യത്തില്‍ സിപിഐഎമ്മില്‍ പുനരാലോചനയുണ്ട്.

പ്രാഥമിക ചര്‍ച്ചകള്‍ക്കായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നു. സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും നീക്കമുണ്ട്. പത്ത് ദിവസത്തിനുള്ളില്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം.

ഒന്നാം പിണറായി സര്‍ക്കാരിലെ 20 മന്ത്രിമാരില്‍ 13ഉം സിപിഐഎമ്മില്‍ നിന്ന് ആയിരുന്നു. സിപിഐയുടേതായി നാല് മന്ത്രിമാരും. ഈ നിലയില്‍ ഏതെങ്കിലും മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് സിപിഐഎം വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കേരളാ കോണ്‍ഗ്രസ് എം രണ്ടു മന്ത്രിസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാലും ഒന്ന് കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. പകരം ഒരു കാബിനറ്റ് പദവി കൂടി അനുവദിച്ചേക്കും. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലെ പ്രധാന ചര്‍ച്ച മന്ത്രിസ്ഥാന വിഭജനം തന്നെയായിരിക്കും.

സെക്രട്ടേറിയറ്റംഗങ്ങളില്‍ ആരൊക്കെ മന്ത്രിമാരാകണമെന്ന കാര്യത്തിലും ധാരണയാകും. എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, പി രാജീവ്, കെ എന്‍ ബാലഗോപാല്‍ എന്നിവര്‍ മന്ത്രിസഭയിലെത്തുമെന്ന് ഏകദേശം ഉറപ്പായി.

എം എം മണി, ടി പി രാമകൃഷ്ണന്‍ എന്നിവര്‍ക്ക് രണ്ടാമൂഴം നല്‍കണമോയെന്ന കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകളുണ്ടാകും. മുന്‍ മന്ത്രിമാരായ എ സി മൊയ്തീന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരുടെ കാര്യത്തിലും പിണറായിയുടെ നിലപാടായിരിക്കും നിര്‍ണായകം.

എം ബി രാജേഷ്, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, വി എന്‍ വാസവന്‍, മുഹമ്മദ് റിയാസ്, ഡോ.ആര്‍ ബിന്ദു, വീണാ ജോര്‍ജ്, കാനത്തില്‍ ജമീല തുടങ്ങിയവരില്‍ നിന്നായിരിക്കും മറ്റു മന്ത്രിമാര്‍.

എന്‍സിപിക്കും ജെഡിഎസിനും ഒരോ മന്ത്രിസ്ഥാനങ്ങള്‍ ഉറപ്പാണ്. എന്നാല്‍ ഒരു അംഗം മാത്രമുള്ള പാര്‍ട്ടികളില്‍ ആര്‍ക്കെങ്കിലും മന്ത്രിസ്ഥാനം നല്‍കണമോയെന്ന കാര്യത്തിലും സിപിഐഎം നിലപാടാണ് നിര്‍ണായകം. രണ്ട് ദിവസത്തിനകം ഇടതുമുന്നണി യോഗം ചേര്‍ന്നായിരിക്കും തുടര്‍നടപടികളിലെ ചര്‍ച്ച.

Leave A Reply

Your email address will not be published.

error: Content is protected !!