ജില്ലയിലെ ആദ്യത്തെ ഇന്ററാക്ടീവ് പാനലോട് കൂടിയ സ്മാര്‍ട്ട് ക്ലാസ് റൂം പ്രവര്‍ത്തനമാരംഭിച്ചു.ജില്ലാ പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയുടെ ഭാഗമായി 5 ലക്ഷം രൂപ മുതല്‍ മുടക്കില്‍ കാക്കവയല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ക്ലാസ് റൂം സജ്ജീകരിച്ചത്.
എന്‍ട്രന്‍സ് കോച്ചിംഗ് സ്ഥാപനങ്ങളില്‍ അത്യാധുനികരീതിയിലുള്ള പഠനത്തിനായി ഉപയോഗിക്കുന്ന സംവിധാനമാണ് ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ആദ്യമായി പരീക്ഷണ അടിസ്ഥാനത്തില്‍ സജ്ജീകരിച്ചത്. ജില്ലയിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും പിന്നാക്ക വിഭാഗത്തിപ്പെടുന്നവരും, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പടെ മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിന് വിവിധ പദ്ധതികളാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്നത് . ഇതിന്റെ ഭാഗമായാണ് ഇന്ററാക്ടിവ് പാനല്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകളും ആരംഭിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്ന് പോലും മികച്ച അധ്യാപകരുടെ ക്ലാസുകള്‍ നമ്മുടെ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിനും അധ്യാപകര്‍ക്ക് പരിശീലനം ലഭ്യമാക്കുന്നതിനും ക്യാമറ സജീകരണങ്ങള്‍ ക്ലാസ് റൂമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് .
അക്കാദമിക അക്കാദമികേതര വിഷയങ്ങളില്‍ ജില്ലയില്‍ തന്നെ ഏറെ മികവ് പുലര്‍ത്തുന്ന കാക്കവയല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് ആദ്യമായി ഇത്തരത്തില്‍ ക്ലാസ് റൂം സജീകരിച്ചത്.
പ്രൊജക്ടറോടു കൂടിയ സ്മാര്‍ട്ട് ക്ലാസ് റൂമിന് പകരം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന അത്യാധുനിക സൗകര്യങ്ങള്‍ സംസ്ഥാനത്തിന് തന്നെ മാതൃകയാക്കാവുന്നതാണ്. 2 ലക്ഷം രൂപയോളം വിലവരുന്ന ഇന്ററാക്ടീവ് പാനലും മൂന്ന് ലക്ഷം രൂപയോളം മുടക്കിയുള്ള അനുബന്ധ സൗകര്യങ്ങളുമടക്കം ഉപയോഗപ്പെടുത്തിയാണ് ക്ലാസ് റൂമിന്റെ രൂപകല്‍പനയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ പറഞ്ഞു .
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ച അധ്യാപകര്‍ ഓരോ പീരിയഡ് വീതം ഓരോ ക്ലാസുകള്‍ക്കായി നല്‍കിയാണ് ക്ലാസ് റൂം പ്രവര്‍ത്തിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ അനുമതി കൂടി ലഭിച്ചാല്‍ ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും ഇത്തരത്തില്‍ സ്മാര്‍ട്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ പഞ്ചായത്ത്.