ഒറ്റയ്ക്കല്ല ഒപ്പമുണ്ട്: സംസ്ഥാനത്ത് സൈക്കോ സോഷ്യൽ സപ്പോർട്ട് ടീമിനെ ശക്തിപ്പെടുത്തി

0

സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനം ഉണ്ടായ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി സോഷ്യൽ സൈക്കോ സപ്പോർട്ട് ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിനായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ 957 മാനസികാരോഗ്യ പ്രവർത്തകരെയാണ് സജ്ജമാക്കിയിട്ടുള്ളത്.

വീട്ടിലും ആശുപത്രിയിലും നിരീക്ഷണത്തിലും, ഐസോലേഷനിലും കഴിയുന്നവർക്ക് ഉണ്ടായേക്കാവുന്ന ടെൻഷൻ, ഉത്കണ്ഠ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങളും അവരുടെ ബന്ധുക്കൾക്കുള്ള ആശങ്കയും കണക്കിലെടുത്താണ് മാനസികാരോഗ്യ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ്, വനിത ശിശുവികസന വകുപ്പ്, സാമൂഹ്യനീതി വകുപ്പ് എന്നിവരുടെ സഹകരണത്തോടെ മാനസികാരോഗ്യ പരിപാടിയിയുടെ കീഴിൽ സ്‌കൂൾ കൗൺസിലർമാരേയും ഐ.സി.ടി.സി. അഡോളസന്റ് ഹെൽത്ത് കൗൺസിലർമാരെയും ഉൾപ്പെടുത്തിയാണ് മാനസികാരോഗ്യ സാമൂഹിക പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നത്.
ഐസോലേഷനിലുള്ള ഓരോരുത്തരുമായും മാനസികാരോഗ്യ പ്രവർത്തകർ ബന്ധപ്പെടുന്നുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് അതിനുള്ള പരിഹാര മാർഗങ്ങളും ചികിത്സയും മാനസികാരോഗ്യ പരിപാടിയിലെ വിദഗ്ധർ നൽകുന്നു. കുടുംബാംഗങ്ങൾക്കും ആവശ്യമെങ്കിൽ കൗൺസിലിംഗ് നൽകും.

കേരളത്തിൽ കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ ഇതുവരെ ഒന്നേകാൽ കോടിയിലധികം പേർക്ക് സൈക്കോ സോഷ്യൽ സപ്പോർട്ട് സേവനങ്ങൾ നൽകിയിട്ടുണ്ട്. ആശുപത്രിയിലും വീട്ടിലും നീരിക്ഷണത്തിലും ഐസോലേഷനിലും കഴിഞ്ഞിരുന്ന 75.64 ലക്ഷം പേർക്ക് മാനസികാരോഗ്യ പരിചരണം നലകി. 74,087 ഭിന്നശേഷി കുട്ടികൾക്കും, മനോരോഗ ചികിത്സയിൽ ഇരിക്കുന്ന 31,520 പേർക്കും ഇത്തരത്തിൽ സേവനം ലഭ്യമാക്കി.

കോവിഡ് നിയന്ത്രണ രംഗത്ത് പ്രവർത്തിക്കുന്നവരിൽ മാനസിക സമ്മർദം ലഘൂകരിക്കുന്നതിനും മാനസികാരോഗ്യം നിലനിർത്തുന്നതിനും പദ്ധതി ആവിഷ്‌കരിച്ചു. 64,194 ജീവനക്കാർക്കാണ് മാനസികാരോഗ്യ പരിചരണം നൽകിയത്. നീരിക്ഷണത്തിലിരുന്ന 75,64,227 പേർക്ക് ആശ്വാസ കോളുകൾ നൽകി. ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് 32,12,102 ഫോളോ അപ്പ് കോളുകളും നൽകിയിട്ടുണ്ട്. 92,601 കോളുകളാണ് ഹെൽപ്പ് ലൈൻ നമ്പറിൽ ലഭിച്ചത്.

കോവിഡ് കാലത്ത് കുട്ടികൾ അനുഭവിക്കുന്ന പലവിധ മാനസിക പ്രശ്നങ്ങൾ നേരിടുന്നതിനും ആത്മഹത്യാ പ്രവണത ചെറുക്കുന്നതിനുമായി ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’ സേവനങ്ങൾ സ്‌കൂൾ കുട്ടികളിലേക്കും വ്യാപിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് 9,99,722 കോളുകൾ സ്‌കൂൾ കുട്ടികൾക്ക് നൽകിയിട്ടുണ്ട്. ഇതിൽ 1,12,347 കുട്ടികൾക്ക് കൗൺസിലിംഗ് സേവനങ്ങളും ലഭ്യമാക്കി. സംസ്ഥാന അടിസ്ഥാനത്തിൽ ദിശ ഹെൽപ് ലൈൻ 104, 1056, 0471 2552056 എന്നീ നമ്പറുകളിൽ 24 മണിക്കൂറും സേവനം ലഭ്യമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!