ബോര്‍ഡില്‍ മാത്രമൊതുങ്ങി പുല്‍പ്പള്ളി കുടുംബാരോഗ്യകേന്ദ്രം

0

കുടുംബാരോഗ്യകേന്ദ്രം ബോര്‍ഡില്‍ മാത്രമൊതുങ്ങി മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ആശുപത്രി.ഒരുവര്‍ഷത്തോളമായി കുടുംബാരോഗ്യകേന്ദ്രം എന്ന ബോര്‍ഡ് ആശുപത്രിക്കുണ്ടെങ്കിലും പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ സൗകര്യങ്ങളും ജീവനക്കാരുംമാത്രമാണ് ആശുപത്രിയില്‍ ഇപ്പോഴുമുള്ളത്. കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമാക്കിയുയര്‍ത്തി പ്രഖ്യാപനമുണ്ടായത്.

തുടര്‍ന്ന് ആശുപത്രിക്കു സമീപം നവീകരിച്ച കെട്ടിടത്തിലേക്ക് ഒ.പി.യടക്കം മാറ്റിയിരുന്നു.കിടത്തിച്ചികിത്സയ്ക്കടക്കം സൗകര്യമുള്ളതാണ് കെട്ടിടമെങ്കിലും ഒരാളെപ്പോലും ഇതുവരെയായും കിടത്തിച്ചികിത്സിക്കാന്‍ ഇവിടെ സാധ്യമായിട്ടില്ല. മുമ്പുണ്ടായിരുന്ന പ്രാഥമികാരോഗ്യകേന്ദ്രത്തിലെ സ്റ്റാഫ് പാറ്റേണ്‍തന്നെയാണ് ഇപ്പോഴും. ഒരു ഡോക്ടര്‍, നഴ്സ്, ഫാര്‍മസിസ്റ്റ് എന്നിവരുടെ സേവനമാണുള്ളത്.

ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനെത്തുടര്‍ന്ന് പ്രതിഷേധമുയര്‍ന്നപ്പോള്‍ വര്‍ക്കിങ് അറേഞ്ച്മെന്റില്‍ പാക്കം കുടുംബാരോഗ്യകേന്ദ്രത്തിലെ ഒരു ഡോക്ടറുടെ സേവനംകൂടി താത്കാലികമായി ഇവിടെ ലഭിക്കുന്നുണ്ട്. എന്നാല്‍, ആഴ്ചയില്‍ മൂന്നുദിവസംമാത്രമാണ് രണ്ടു ഡോക്ടര്‍മാരും രോഗികളെ പരിശോധിക്കുന്നത്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് ഒ.പി. പ്രവര്‍ത്തനം.

ഒരുപാട് നാളത്തെ പ്രതിഷേധത്തിനൊടുവിലാണ് ഒരു ഡോക്ടറെക്കൂടി ഇവിടേക്ക് അനുവദിച്ചതെങ്കിലും ആഴ്ചയില്‍ എല്ലാ ദിവസവും ഒ.പി. എന്ന ആവശ്യം ഇനിയും പ്രാവര്‍ത്തികമാകാത്ത സ്ഥിതിയാണ്. നിലവില്‍ രണ്ടു ഡോക്ടര്‍മാരുള്ള സാഹചര്യത്തില്‍ ആഴ്ചയില്‍ ആറുദിവസവും ഒ.പി. വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കൂടാതെ, കുടുംബാരോഗ്യകേന്ദ്രത്തിലെ സ്റ്റാഫ് പാറ്റേണ്‍ ഉടനെ നടപ്പാക്കണമെന്ന ആവശ്യവുമുയരുന്നുണ്ട്. ആദിവാസികളടക്കം നൂറുകണക്കിനാളുകളുടെ ഏക ആശ്രയമാണ് പാടിച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന ഈ ആശുപത്രി.

പരിശോധനകള്‍ നടത്തുന്നതിന് ലാബ് സൗകര്യങ്ങളൊന്നുംതന്നെ ഇവിടെയില്ല. കൂലിപ്പണിക്കാരായ രോഗികള്‍ ടെസ്റ്റുകള്‍ക്കും മറ്റുമായി സ്വകാര്യലാബുകളെ ആശ്രയിക്കുകയാണിപ്പോള്‍. ലാബടക്കമുള്ളവയെല്ലാം പ്രവര്‍ത്തിക്കാനുള്ള ഭൗതികസാഹചര്യം ആശുപത്രിക്കുണ്ടായിട്ടും ഗ്രാമപ്പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതര്‍ ആശുപത്രിയെ തുടര്‍ച്ചയായി അവഗണിക്കുന്നതില്‍ വന്‍പ്രതിഷേധമാണുയരുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!