ചര്‍ച്ചയില്‍ തീരുമാനമായില്ല; പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരും

0

സമരത്തിലുള്ള ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷനുമായി മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. ഡിവൈഎഫ്‌ഐയുടെ മധ്യസ്ഥതയില്‍ രാത്രി നടന്ന ചര്‍ച്ചയില്‍ അധിക തസ്തിക സൃഷ്ടിക്കല്‍ എന്ന ആവശ്യത്തിലാണ് ചര്‍ച്ച പരാജയപ്പെട്ടത്. സമരം തുടരുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികളുടെ നിലപാട് മാറ്റം സമരത്തില്‍ ബാഹ്യ ഇടപെടലുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം പറഞ്ഞു.

 

ഇന്നലെ പകല്‍ മൂന്നുതവണ സമരത്തിലുള്ള ഉദ്യോഗാര്‍ത്ഥികളും ഡിവൈഎഫ്‌ഐ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ മുഖ്യമന്ത്രിയുടെ ഓഫിസുമായി ചര്‍ച്ച നടത്തി. തുടര്‍ന്നാണ് രാത്രി പത്ത് മണിയോടെ ഉദ്യോഗാര്‍ത്ഥികളുമായി ഡിവൈഎഫ്‌ഐ നേതാക്കളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയത്. ആദ്യം ഡിവൈഎഫ്‌ഐ നേതാക്കളുമായും പിന്നീട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിട്ടായിരുന്നു ചര്‍ച്ച. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു വേഗത്തിലാക്കാമെന്നും എന്‍ട്രി കേഡറിലെ ഉദ്യോഗക്കയറ്റം സമയബന്ധിതമായി നടത്താമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് ഉറപ്പു നല്‍കി. എന്നാല്‍ അധിക തസ്തികകള്‍ സൃഷ്ടിക്കണമെന്ന ആവശ്യം പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയതോടെ ചര്‍ച്ച വഴിമുട്ടി.

 

തസ്തിക സൃഷ്ടിക്കണമെന്ന ആവശ്യം പ്രായോഗികമല്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം പറഞ്ഞു. വെറുതെ ഉറപ്പു നല്‍കാനാവില്ല. ഉദ്യോഗാര്‍ത്ഥികളുടെ നിലപാട് മാറ്റം സമരത്തില്‍ ബാഹ്യ ഇടപെടലുകളുണ്ടോയെന്ന സംശയം ബലപ്പെടുന്നതാണ്. പന്ത്രണ്ടരയോടെയാണ് ഉദ്യോഗാര്‍ത്ഥികളുമായുള്ള ചര്‍ച്ച അവസാനിച്ചത്. ഇതോടെ കഴിഞ്ഞ പതിനെട്ട് ദിവസമായി ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരം വീണ്ടും തുടരും.

Leave A Reply

Your email address will not be published.

error: Content is protected !!