ലെയ്ന്‍ ട്രാഫിക് ലംഘനത്തിന് ഇന്നു മുതല്‍ പിഴ ഈടാക്കും. ആയിരം രൂപ പിഴ ചുമത്തുമെന്ന് ഗതാഗത കമ്മിഷണര്‍ എസ്.ശ്രീജിത്ത് വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ ബോധവത്ക്കരണത്തില്‍ ആയിരത്തിലേറെ ലംഘനങ്ങള്‍ കണ്ടെത്തിയതോടെയാണ് നടപടി കടുപ്പിച്ചത്. റോഡ് സുരക്ഷാ വാരാചരണവും ഇന്നു തുടങ്ങുന്നതിനാല്‍ മറ്റു ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനും പരിശോധന കര്‍ശനമാക്കും.
”ഹെല്‍മറ്റ് വയ്ക്കാത്തത് ഉള്‍പ്പെടെ ചെറിയ ലംഘനങ്ങളായാണ് ആളുകള്‍ കാണുന്നത്. എന്നാല്‍ 54 ശതമാനം മരണങ്ങള്‍ക്കും കാരണം ഹെല്‍മറ്റ് വയ്ക്കാത്തതാണ്. ലെയ്ന്‍ ട്രാഫിക് ലംഘനത്തിലൂടെ ഏകദേശം 37 ശതമാനം അപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്. ചെറിയ ലംഘനങ്ങള്‍ എന്നു വിചാരിക്കുന്നവ വലിയ ഭവിഷ്യത്തുകള്‍ ഉണ്ടാക്കും. ലംഘനങ്ങള്‍ തടയുന്നത് കര്‍ശനമായി നടപ്പാക്കാന്‍ ഈ വാരം ഉപയോഗിക്കുകയാണ്.” എസ്.ശ്രീജിത്ത് പറഞ്ഞു.
ലെയ്ന്‍ ട്രാഫിക് നിയമങ്ങള്‍ / നിര്‍ദേശങ്ങള്‍
* നാലുവരി / ആറുവരിപ്പാതകളില്‍ വലിയ വാഹനങ്ങള്‍, ഭാരം കയറ്റിയ വാഹനങ്ങള്‍, വേഗം കുറഞ്ഞ വാഹനങ്ങള്‍ എന്നിവ റോഡിന്റെ ഇടതു വശം ചേര്‍ന്നു മാത്രമേ പോകാവൂ.
* വലതു വശത്തെ ട്രാക്ക് നിശ്ചിത വേഗത്തില്‍ പോകുന്നവര്‍ക്കും മറ്റു വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യാനും മാത്രം.
* ലെയ്ന്‍ മാറുമ്പോള്‍ സിഗ്‌നലുകള്‍ ഉപയോഗിക്കുക.
*റോഡിന്റെ വലതു വശത്തെ ലെയ്‌നില്‍ ഒരു കാരണവശാലും വാഹനം നിര്‍ത്തിയിടരുത്.
*റോഡിന്റെ ഇടതുവശത്ത് അനധികൃത പാര്‍ക്കിങ് പാടില്ല