ബഫര്‍സോണ്‍ വിഷയത്തില്‍ നിര്‍ണായക നടപടിയുമായി സര്‍ക്കാര്‍. 2019 ലെ മന്ത്രിസഭായോഗ തീരുമാനം വേണമെങ്കില്‍ പുനഃപരിശോധിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. പിന്‍വലിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിയമസഭയിലെ ചോദ്യോത്തര വേളയിലായിരുന്നു മന്ത്രിയുടെ മറുപടി.നിയമപരമായി സംസ്ഥാന സര്‍ക്കാരിന് എന്തൊക്കെയാണോ ചെയ്യാന്‍ കഴിയുന്നത് അതെല്ലാം ചെയ്യും. ജനവാസമേഖലയെ ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം നിയമസഭയില്‍ അതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചിരുന്നു.
വനമേഖലയോട് ചേര്‍ന്നുള്ള ഒരു കിലോമീറ്റര്‍ വരെയുള്ള ഭൂമി സംരക്ഷിത മേഖലയാക്കുന്ന തീരുമാനമാണ് ആവശ്യമെങ്കില്‍ പുനപരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചിരിക്കുന്നത്. 2019 ഒക്ടോബറിലെ മന്ത്രിസഭായോഗ തീരുമാനം നിലനില്‍ക്കെ, എംപവേര്‍ഡ് കമ്മിറ്റിക്ക് മുന്നിലും സുപ്രീം കോടതിയിലും ഉള്‍പ്പടെ കേരളം മറിച്ച് നിലപാട് സ്വീകരിക്കുന്നത് തിരിച്ചടിയാകില്ലേയെന്ന് പ്രതിപക്ഷം അന്ന് ചോദിച്ചിരുന്നു.