ബത്തേരി പൂമലയില്‍ കടുവയുടെ ആക്രമണം. പ്രദേശവാസികളായ രണ്ട് പേരുടെ 4 ആടുകള്‍ക്ക് കടുവയുടെ ആക്രമണത്തില്‍ ഗുരുതരമായ പരുക്കേറ്റു. കടുവയെ കൂടുവച്ച് പിടികൂടണമെന്ന് ആവശ്യം.ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് പൂമല കരടിമൂലയില്‍ കടുവയുടെ ആക്രമണം ഉണ്ടായത്.പ്രദേശവാസിയായ പറമ്പത്ത് രാമകൃഷ്ണന്റെ മൂന്ന് ആടുകളെയും, പൂമല ചെറുപുഷ്പഗിരി ഫ്രാന്‍സിസിന്റെ ഒരു ആടിനെയുമാണ് കടുവ ആക്രമിച്ചത്.
വീട്ടില്‍ നിന്നും മീറ്ററുകള്‍ മാത്രം അകലത്തിലുള്ള ആലയില്‍ നിന്നും കരച്ചില്‍ കേട്ട് എത്തിയപ്പോള്‍ കടുവ കൂട്ടില്‍ നിന്നും പുറത്തേക്ക് പോകുന്നതാണ് കണ്ടതെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. ആക്രമണത്തില്‍ ആടുകള്‍ക്ക് ഗുരുതര പരുക്കേറ്റു. തുടര്‍ന്ന് അര മണിക്കൂറിന് ശേഷം അര കിലോമീറ്റര്‍ ദൂരെയുള്ള ഫ്രാന്‍സിസിന്റെ ആടിനെയും കടുവ ആക്രമിച്ച് പരുക്കേല്‍പ്പിച്ചു. സംഭവത്തെ തുടര്‍ന്ന് മേപ്പാടിയില്‍ നിന്നും വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി. പിന്നീട് പരുക്കേറ്റ ആടുകളെ വനം വകുപ്പ് ബത്തേരി വെറ്ററിനറി ക്ലിനിക്കിലെത്തിച്ച് ചികിത്സ നല്‍കി. പ്രദേശത്ത് അടുത്തിടെയായി കടുവയുടെ ആക്രമണം തുടര്‍ സംഭവമാകുകയാണ്. ഈ സാഹചര്യത്തില്‍ കടുവയെ കൂട് വച്ച് പിടികൂടി ജനങ്ങളുടെ ആശങ്കയകറ്റണമെന്നാണ് ആവശ്യം.