കൽപ്പറ്റ നിയോജകമണ്ഡലത്തിലെ അതിദരിദ്രരായ മുഴുവൻ ആളുകൾക്കും ഭൂമിയും രേഖയും അനുവദിക്കാൻ പ്രത്യേക ദൗത്യം ആരംഭിക്കുമെന്ന് സ്ഥലം എംഎൽഎ ടി സിദ്ധിഖ്.
ദൗത്യത്തിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വില്ലേജ് ഓഫീസറും നേതൃത്വം വഹിക്കുന്ന സമിതി രൂപീകരിക്കും.
പട്ടയ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കാനുള്ള വൈത്തിരി താലൂക്കിലെ പട്ടയ അസംബ്ലി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എംഎൽഎ.
പട്ടയം നൽകാൻ അനുയോജ്യമായ ഭൂമിയുടെ വിവരങ്ങൾ അടിയന്തരമായി കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഗ്രാമപഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകി. നേരത്തെ ലഭിച്ച അപേക്ഷകൾ പ്രകാരം 19 അപേക്ഷകർക്ക് യോഗത്തിൽ പട്ടയം അനുവദിച്ചു.
സർക്കാർ തലത്തിൽ പരിഹരിക്കേണ്ട എച്ച്എംഎൽ ഉൾപ്പെടെയുള്ള എസ്റ്റേറ്റ് ഭൂമി, വനഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവ സർക്കാരിലേക്ക് ശിപാർശ ചെയ്യാനും തീരുമാനിച്ചു. ജൂൺ 26 ന് പട്ടയ അസംബ്ലിയുടെ ഭാഗമായുള്ള തുടർഅവലോകന യോഗം നടത്തും.
എൽആർ ഡെപ്യൂട്ടി കളക്ടർ മിനി കെ തോമസ്, ഡെപ്യൂട്ടി തഹസിൽദാർ ഉമ്മർ അലി പാറച്ചോടൻ, വൈത്തിരി തഹസിൽദാർ വി കുമാരി ബിന്ദു, ഭൂരേഖ തഹസിൽദാർ വി മനോജ് എന്നിവർ സംസാരിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത്, മുൻസിപ്പാലിറ്റി സെക്രട്ടറിമാർ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.