രാത്രി യാത്രാ നിരോധന സമയം ദീര്‍ഘിപ്പിക്കാന്‍ കര്‍ണാടക വനം വകുപ്പിന്റെ നീക്കം

0

കോഴിക്കോട് – മൈസൂര്‍ ദേശീയപാതയില്‍ രാത്രി യാത്രാ നിരോധന സമയം ദീര്‍ഘിപ്പിക്കാന്‍ കര്‍ണാടക വനം വകുപ്പിന്റെ നീക്കം. കഴിഞ്ഞ ദിവസം ഇതേ പാതയില്‍ ചരക്ക് ലോറിയിടിച്ച് കാട്ടാന ചരിഞ്ഞ സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് കര്‍ണാടക വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. നിലവില്‍ രാത്രി ഒമ്പത് മണി മുതല്‍ പുലര്‍ച്ചെ ആറ് മണിവരെയുള്ള നിരോധനം വൈകിട്ട് ആറുമണി മുതല്‍ പുലര്‍ച്ചെ ആറു മണി വരെ ആക്കണമെന്നാണ് ആവശ്യം.

കേരള കര്‍ണാടക അതിര്‍ത്തിയില്‍ മൂലഹള്ളയ്ക്കും മധൂര്‍ ചെക്ക്‌പോസ്റ്റിനും ഇടയില്‍ ഇന്നലെ കാട്ടാന ചരക്കുലോറി ഇടിച്ച് ചരിഞ്ഞിരുന്നു.രാത്രി 9 മണിക്ക് ഗേറ്റ് അടയ്ക്കുന്നതിനു മുമ്പ് വനാതിര്‍ത്തി പിന്നിടാന്‍ അമിതവേഗതയില്‍ എത്തിയ തമിഴ്‌നാട്ടില്‍ നിന്നുള്ള ചരക്ക് ലോറി ഇടിച്ചായിരുന്നു അപകടം.

രാത്രിയാത്ര നിരോധനം നിലനില്‍ക്കുന്ന ഈ മേഖലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടെ വാഹനം ഇടിച്ച് ചരിയുന്ന ആനകളുടെ എണ്ണം 2ആയി.മാന്‍ ഉള്‍പ്പെടെ മറ്റു നിരവധി മൃഗങ്ങള്‍ക്ക് ഇതേ കാലയളവില്‍ വാഹനങ്ങള്‍ ഇടിച്ച് ജീവന്‍ നഷ്ടപ്പെട്ടതായും കര്‍ണാടക വനം വകുപ്പ് പറയുന്നു. നിലവിലുള്ള നിരോധനം വന്യജീവികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മതിയായതല്ലെന്നതിന് തെളിവാണ് ഈ സംഭവം എന്നും അതിനാല്‍ നിരോധന സമയം ദീര്‍ഘിപ്പിക്കണം എന്നുമാണ് കര്‍ണാടക വനം വകുപ്പിന്റെ വാദം.

2009 ലാണ് കോഴിക്കോട് കൊല്ലഗല്‍ ദേശീയപാതയിലെ ബന്ദിപ്പൂര്‍ വനമേഖലയില്‍ രാത്രി യാത്ര നിരോധനം ഏര്‍പ്പെടുത്തിയത്. ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തിന്റെ ശുപാര്‍ശയെ തുടര്‍ന്ന് ചാമരാജനഗര്‍ ജില്ലാ കലക്ടര്‍ ആയിരുന്നു രാത്രി യാത്ര നിരോധിച്ച് ഉത്തരവിറക്കിയത്. ഇതിനെതിരെ കേരളത്തില്‍ വലിയ പ്രതിഷേധം ഉയരുകയും നിരോധനത്തിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ ഉള്‍പ്പെടെ സമീപിക്കുകയും ചെയ്‌തെങ്കിലും നിരോധനത്തിന് മാറ്റമുണ്ടായില്ല.നിലവില്‍ ബാവലി വഴിയുള്ള മൈസൂര്‍ മാനന്തവാടി പാതയില്‍ 12 മണിക്കൂര്‍ രാത്രി യാത്ര നിരോധനമാണുള്ളത്.ഇതേ മാതൃകയില്‍ നിരോധനം നടപ്പാക്കിയാല്‍ മാത്രമേ വന്യ മൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയു എന്നാണ് കര്‍ണാടക വനം വകുപ്പിന്റെ നിലപാട്

Leave A Reply

Your email address will not be published.

error: Content is protected !!