മനുഷ്യാവകാശ ദിനം: മനുഷ്യാവകാശ ലംഘനങ്ങള്‍ക്കിടയിലെ ഒരു ദിനം

0

പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ലോകമെമ്പാടുമുള്ള ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും സാമൂഹികനീതിയിലുള്ള വിശ്വാസം ഉറപ്പിക്കാനും ഡിസംബര്‍ 10 മനുഷ്യാവകാശ ദിനമായി ആചാരിക്കപ്പെടുന്നു. ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരമാണ് ഇത്തരമൊരു ദിനചാരണം. 1950 ഡിസംബര്‍ 4-നാണ് ഐക്യരാഷ്ട്ര സഭ അംഗരാജ്യങ്ങളെയും മനുഷ്യാവകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളെയും വിളിച്ച് ചേര്‍ത്ത് ഇത്തരമൊരു ദിനചാരണത്തിന് വേണ്ടി തീരുമാനം എടുക്കുന്നത്.
ഒരു പതിനഞ്ചു വര്‍ഷം മുമ്പുവരെയെങ്കിലും മനുഷ്യാവകാശത്തെക്കുറിച്ച് ഇത്രയും അവകാശബോധത്തോടെ സംസാരിക്കുന്നവര്‍ കുറവായിരുന്നു. ഇന്ന് സ്ഥിതിയാകെ മാറി. എല്ലാവര്‍ക്കും താന്താങ്ങളുടെ അവകാശങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ട്. മനുഷ്യാവകാശമെന്ന ഒന്നുണ്ടെന്നും അത് എല്ലാ മനുഷ്യര്‍ക്കും ലഭ്യമാകണമെന്നും ആളുകള്‍ സംസാരിച്ചു തുടങ്ങിയിരിക്കുന്നു. തങ്ങളുടെ അവകാശം നിരസിക്കപ്പെടുന്ന ഏത് സാഹചര്യത്തിലും അത് ചോദ്യം ചെയ്യാനുള്ള ധൈര്യവും വിവേകവും ഇന്നത്തെ തലമുറ നേടിയെടുത്തിരിക്കുന്നു.

എന്നാല്‍ ഈ മനുഷ്യാവകാശ നിയമങ്ങള്‍ പെട്ടെന്നൊരു ദിവസം പ്രാബല്യത്തില്‍ വന്നതല്ല. ഒട്ടേറെ ചരിത്രനായകന്മാര്‍ പോരാടി നേടിയെടുത്തതാണ് ഇത്തരം അവകാശങ്ങളെല്ലാം. കാലക്രമേണേ, മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ അത് ചോദ്യം ചെയ്യാന്‍ പോന്ന നിലയിലേക്ക് നാം എത്തിയിരിക്കുന്നു.

ഡിസംബര്‍ 10 – മനുഷ്യാവകാശ ദിനം.

ഓരോ മനുഷ്യനും ജനിച്ചു വീഴുമ്പോള്‍ തന്നെ അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങള്‍ അവര്‍ക്ക് സിദ്ധമാണ്. അത് ആരും നല്‍കുന്നതോ നേടിക്കൊടുക്കുന്നതോ അല്ല, മറിച്ച് മനുഷ്യനായി പിറന്നത് കൊണ്ട് തന്നെ മാനവികതയുടെ പേരില്‍ അവര്‍ക്ക് കിട്ടുന്നതാണ്. അത് ആര്‍ക്കും നിരസിക്കാനോ തടസ്സപ്പെടുത്താനോ കഴിയില്ല. ഇതൊരു പുത്തന്‍ ആശയമല്ല, മനുഷ്യന്‍ പിറവിയെടുത്ത നാള്‍ മുതല്‍ അവനുള്ള അവകാശങ്ങള്‍ അവനില്‍ നിലകൊള്ളുന്നു.

പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ലോകമെമ്പാടുമുള്ള ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും സാമൂഹികനീതിയിലുള്ള വിശ്വാസം ഉറപ്പിക്കാനും ഡിസംബര്‍ 10 മനുഷ്യാവകാശ ദിനമായി ആചാരിക്കപ്പെടുന്നു. ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരമാണ് ഇത്തരമൊരു ദിനചാരണം. 1950 ഡിസംബര്‍ 4-നാണ് ഐക്യരാഷ്ട്ര സഭ അംഗരാജ്യങ്ങളെയും മനുഷ്യാവകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളെയും വിളിച്ച് ചേര്‍ത്ത് ഇത്തരമൊരു ദിനചാരണത്തിന് വേണ്ടി തീരുമാനം എടുക്കുന്നത്.

ഓരോ മനുഷ്യര്‍ക്കും ഈ ലോകത്ത് അന്തസ്സോടെ, സുരക്ഷയോടെ ജീവിക്കാനുള്ള അവകാശം ഉണ്ട്. തങ്ങളുടെ സ്വകാര്യതയും മതവിശ്വാസവും അഭിപ്രായ സ്വാതന്ത്ര്യവും മാനിച്ചുള്ള ജീവിതത്തിന് എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. അതുപോലെ വീട്, വസ്ത്രം, ഭക്ഷണം എന്ന അടിസ്ഥാന സൗകര്യങ്ങളോടെയുള്ള സമാധാനപരമായ ജീവിതവും മനുഷ്യവകാശങ്ങളില്‍ ഉള്‍പ്പെടുന്നു. വര്‍ദ്ധക്യത്തില്‍ ലഭിക്കേണ്ട പരിഗണനകളും സംരക്ഷണവും ഉറപ്പിക്കുക, നിയമപരമായ സംരക്ഷണം ഉറപ്പാക്കുക എന്നിങ്ങനെ മനുഷ്യാവകാശങ്ങള്‍ക്ക് വളരെ വിപുലമായ ഒരു പദ്ധതിയുണ്ട്.

മനുഷ്യാവകാശ ചരിത്രത്തിലേക്ക്

മാഗ്‌ന കാര്‍ട്ട (1215), ഫ്രഞ്ച് ഡിക്ലറേഷന്‍ ഓഫ് മാന്‍ ആന്‍ഡ് സിറ്റിസണ്‍സ് (1789), ബില്ല് ഓഫ് റൈറ്റ്‌സ് (1791) എന്നിങ്ങനെയുള്ള ചരിത്രരേഖകള്‍ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുന്നതിനായി എഴുതപ്പെട്ടവയാണ്. ആംഗ്ലോ-അമേരിക്കന്‍ നിയമശാസ്ത്രത്തിലെ വ്യക്തിഗത അവകാശങ്ങള്‍ക്ക് അടിസ്ഥാനം നല്‍കിയത് മാഗ്‌നകാര്‍ട്ടയാണ്. ‘സ്വതന്ത്ര മനുഷ്യര്‍’ എന്ന പ്രമേയത്തോടെ ജോണ്‍ രാജാവ് ഒരുപാട് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ജൂണ്‍ 15,1215-നാണ് ഇതിന് അംഗീകാരം നല്‍കിയത്.

1789 ഓഗസ്റ്റ് 26-നാണ് ഫ്രഞ്ച് ദേശീയ ഭരണഘടനാ അസംബ്ലി, മനുഷ്യ-പൗരാവകാശ പ്രഖ്യാപനം പുറത്തിറക്കിയത്. ഫ്രഞ്ച് വിപ്ലവ കാലത്തെ വ്യക്തിഗതവും കൂട്ടായതുമായ അവകാശങ്ങളെ ഉള്‍പെടുത്തിയായിരുന്നു അത്.

മാഗ്നകാര്‍ട്ട (1215), ഇംഗ്ലീഷ് ബില്‍ ഓഫ് റൈറ്റ്സ് (1689), രാജാവിനും പാര്‍ലമെന്റിനുമെതിരായ കൊളോണിയല്‍ പോരാട്ടം എന്നിവയില്‍ നിന്നുമാണ് ബില്ല് ഓഫ് റൈറ്റ്‌സ് ഉരുതിരിഞ്ഞത്.

മനുഷ്യാവകാശ പ്രഖ്യാപനം

ഇരുപതാം നൂറ്റാണ്ടില്‍ രണ്ടാം ലോക യുദ്ധത്തിന് ശേഷം 1945ലാണ് ഐക്യരാഷ്ട്ര സഭ നിലവില്‍ വരുന്നത്. അതിന് ശേഷം ഏകദേശം മൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ മുപ്പത് ആര്‍ട്ടിക്കിള്‍ ഉള്‍പ്പെടുന്ന ആഗോള മനുഷ്യാവകാശ പ്രഖ്യാപനം നിലവില്‍ വന്നു. ഇന്ന് ഒട്ടേറെ ഉടമ്പടികളിലും കരാറുകളിലും മനുഷ്യാവകാശത്തെ കൂടുതല്‍ പ്രാധാന്യത്തോടെ ഉള്‍പ്പെടുത്തിയിരിക്കുന്നു.

പദവി ഏതായാലും അവകാശങ്ങള്‍ ഒന്ന് പോലെ!

ഏത് പദവിലിരിക്കുന്നയാള്‍ക്കും മനുഷ്യാവകാശങ്ങള്‍ മനുഷ്യര്‍ക്കെല്ലാവര്‍ക്കും ഒരുപോലെയാണ് എന്ന ആഗോള ഉടമ്പടി തന്നെയുണ്ട്. പൗരസ്വാതന്ത്ര്യവും മറ്റ് അവകാശങ്ങളും എല്ലാവരുടെയും അടിസ്ഥാനപരമായ ആവശ്യങ്ങളാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ജീവിക്കാനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള അവകാശമാണ്. നമ്മുടെ ഓരോ പ്രവൃത്തിയിലും സമാധാനം, നീതി, നിഷ്പക്ഷത, പരസ്പര ബഹുമാനം, സഹിഷ്ണുത, മാനുഷിക അന്തസ്സ് എന്നിവ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഇവയാണ് നമ്മുടെ മനുഷ്യാവകാശങ്ങളുടെ അടിസ്ഥാന മാനദണ്ഡങ്ങള്‍. ഈ ലോകത്ത് ജീവിക്കുന്ന ഓരോ വ്യക്തിയും നീതിന്യായ വ്യവസ്ഥകള്‍ പാലിച്ചു മുമ്പോട്ട് പോകേണ്ടതുണ്ട്.

മനുഷ്യാവകാശങ്ങള്‍ പാലിക്കാനുള്ളതാണ്!

മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി വ്യക്തികളോട് മാനുഷികമായും മാന്യതയോടെയും സഹനുഭൂതിയുടെയും പെരുമാറുന്നത് ഉറപ്പ് വരുത്തണം. എന്നാല്‍ ഇവ ലംഘിക്കപ്പെട്ട ഒട്ടേറെ മനുഷ്യര്‍ ലോകത്തെവിടെയും മാനുഷിക പരിഗണന പോലും ലഭിക്കാതെ സമൂഹത്തില്‍ അവഗണിക്കപ്പെട്ടവരായി ജീവിക്കുന്നുണ്ട്. വംശഹത്യ, പീഡനം, അടിമത്തം, ബലാത്സംഗം, ജനനേന്ദ്രിയം ഛേദിക്കല്‍, നിര്‍ബന്ധിത വന്ധ്യംകരണം, വൈദ്യപരിശോധന, ബോധപൂര്‍വമായ പട്ടിണി എന്നിവ മനുഷ്യാവകാശ ലംഘനത്തിന്റെ ചില ഉദാഹരണങ്ങള്‍ മാത്രമാണ്. ഇവയെല്ലാം ലോകത്തെമ്പാടും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ അതിക്രമമാണ്.

ഈ യാത്ര എളുപ്പമായിരുന്നില്ല!

നാം ഇന്ന് കാണുന്ന അവസ്ഥയിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല. അടിസ്ഥാന സ്വാതന്ത്ര്യങ്ങള്‍ പോലും മാനിക്കപ്പെടാതെ മനുഷ്യരെ മാടുകളെപ്പോലെ കഴുത്തിനു കുത്തിപ്പിടിച്ച് ആനന്ദിച്ചിരുന്ന ഭരണാധികാരികള്‍ ഉണ്ടായിരുന്നു. അതില്‍ നിന്നും പൊരുതി നേടിയതാണ് ഇന്ന് നാം അനുഭവിക്കുന്ന ‘ഫ്രീഡം, സ്‌പേസ്.’

പണ്ടത്തെ ജനത അനുഭവിച്ചിരുന്ന ചില മനുഷ്യാവകാശ ലംഘനങ്ങള്‍ അറിയാം

1. ജാതി തീരുമാനിക്കും തൊഴിലുകള്‍.

മേല്‍ ജാതിക്കാരെന്ന് സ്വയം പ്രഖ്യാപിച്ചിരുന്നവര്‍ ചെയ്യാനറപ്പുള്ള ജോലികള്‍ താഴ്ന്ന ജാതിക്കാരെന്ന് അവരാരോപിക്കുന്നവര്‍ക്കിടയിലേക്ക് നിര്‍ബന്ധപൂര്‍വ്വം ഏല്പിച്ചിരുന്നു. ജാതിയെ അടിസ്ഥാനമാക്കിയുള്ള തൊഴില്‍പരമായ തരംതാഴ്ത്തലുകള്‍ ശക്തമായി നിലനിന്നിരുന്നു നമ്മുടെ നാട്ടില്‍ ഈയടുത്തകാലം വരെ. ശക്തമായ രാഷ്ട്രീയ പ്രക്ഷോഭങ്ങളിലൂടെയാണ് നാമവയെ മറികടന്നത്.

2. വിദ്യാഭ്യാസ അവസരങ്ങളുടെ ലംഘനം

താഴ്ന്ന ജാതിയില്‍പെട്ട കുട്ടികള്‍ക്ക് അടിസ്ഥാനപരമായ വിദ്യാഭ്യാസം നേടാനുള്ള അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. അവസരങ്ങള്‍ ലഭിക്കുന്ന കുട്ടികള്‍ക്കാകട്ടെ അധ്യാപകരുടെയും ഉയര്‍ന്ന ജാതിയില്‍പെട്ട സഹപാഠികളുടെയും പരിഹാസവും പീഡനങ്ങളും നേരിടേണ്ടിവന്നിരുന്നു.

3. ഭൂമി നല്‍കുന്ന ഉയര്‍ന്ന ജീവിത നിലവാരം.

നമ്മുടെ രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകരില്‍ ഭൂരിഭാഗവും ദളിത് പീഡനത്തിന് ഇരയായവരാണ്. അവരില്‍ ഭൂമി സ്വന്തമായി ഇല്ലാത്തവരുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. ഗ്രാമപ്രദേശങ്ങളില്‍ സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് മാത്രമായി സമൂഹത്തില്‍ ഉയര്‍ന്ന നിലവാരമുള്ള ജീവിതം നിലകൊണ്ടു. പാവപ്പെട്ട കര്‍ഷകര്‍ തങ്ങളുടെ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഉയര്‍ന്ന ജാതിയിലുള്ളവരെ സമീപിക്കുകയും അവര്‍ പാവപ്പെട്ട കര്‍ഷകരെ ദുരുപയോഗം ചെയ്യുകയും ചെയ്തു.

4. സ്ത്രീകള്‍ക്കെതിരായ അതിക്രമം.

ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായ വിവേചനവും അതിക്രമവും വളരെ വ്യാപകമാണ്. വിദ്യാഭ്യാസ രംഗത്തും തൊഴില്‍ മേഖലയിലും സ്ത്രീകള്‍ക്ക് പുരുഷ മേല്‍ക്കോയ്മ നേരിടേണ്ടി വരാറുണ്ട്. അതുകൊണ്ടു തന്നെ സമൂഹത്തിലും കുടുംബത്തിലും സ്ത്രീകള്‍ക്ക് സ്വയം പര്യാപ്തമാകാന്‍ കഴിയാതെ വന്നു. വലിയൊരു മനുഷ്യാവകാശ ലംഘനമാണിത്. നമ്മുടെ നാട്ടില്‍ ഇന്നും ഇത്തരം അതിക്രമങ്ങളും വിവേചനങ്ങളും തുടരുകയാണ്.

5. താഴ്ന്ന ജാതിയിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമം.

താഴ്ന്ന ജാതിയിലെ സ്ത്രീകള്‍ നമ്മുടെ സമൂഹത്തിലെ ലിംഗ, സമുദായിക ക്രമത്തില്‍ ഏറ്റവും താഴ്ന്ന പടിയില്‍ നില്‍ക്കുന്നവരായിരുന്നു. അവര്‍ക്ക് ഉന്നത വിദ്യാഭ്യാസമോ സഹപുരുഷ ജോലിക്കാരുടെ അത്രയും വേതനമോ ലഭിച്ചിരുന്നില്ല. പോലീസും മറ്റ് അധികാരികളും അവരുടെ മേല്‍ ലൈംഗികതിക്രമങ്ങളും അടിച്ചമര്‍ത്തലുകളും അഴിച്ചുവിട്ട് അവരെ നിശബ്ദരാക്കി.

6. ശൈശവ വിവാഹങ്ങള്‍.

ശൈശവ വിവാഹങ്ങള്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസപരമായ അവകാശങ്ങള്‍ക്ക് തടസ്സമായിരുന്നു. അവര്‍ പഠിച്ചുകൊണ്ടിരിക്കുന്ന കാലത്തു തന്നെ വിവാഹത്തിനും തുടര്‍ന്നുള്ള ബലാല്‍സംഗത്തിനും ഇരയായിരിന്നു. ശരീരികവും മാനസികവുമായ പക്വതയെത്താത്ത പ്രായത്തിലുള്ള വിവാഹം അവരെ തളര്‍ത്തുന്നു. എന്ന് മാത്രമല്ല, സമൂഹത്തില്‍ കൂടുതല്‍ അടിച്ചമര്‍ത്തലുകള്‍ക്ക് അവര്‍ വിധേയരാവുകയും ചെയ്യുന്നു. ശൈശവ വിവാഹങ്ങളെ നാം കേരളീയര്‍ വലിയൊരളവ് മറികടന്നിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ ഇത് ഇപ്പോഴും നടക്കുന്നുണ്ട്.

7. ബാലവേല

കുട്ടികളെ നിര്‍ബന്ധപൂര്‍വം ജോലി ചെയ്യിക്കുന്നത് കുറ്റകരമാണ്. ഇന്ത്യയില്‍ ലക്ഷകണക്കിന് കുട്ടികള്‍ ഇത്തരത്തില്‍ ബാലവേല ചെയ്ത് ജീവിക്കുന്നുണ്ട്. ലൈംഗിക കടത്ത്, ഗാര്‍ഹിക അടിമത്തം, ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്ന മൈനിങ്, ഫാക്ടറി ജോലികള്‍ എല്ലാം കുട്ടികളുടെ അവകാശ ലംഘനങ്ങളാണ്. കേരളം ബാലവേലയെ പൂര്‍ണമായും ഇല്ലാതാക്കിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ ഇപ്പോഴും ബാലവേല ശക്തമാണ്.

8. ചികിത്സാ ലഭ്യതക്കുറവ്

ഓരോരുത്തര്‍ക്കും ഉയര്‍ന്ന നിലവാരമുള്ള ചികിത്സാ സഹായം ലഭിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ സമൂഹത്തില്‍ സാമ്പത്തികമായും ജാതീയമായും ലിംഗപരമായും വിവേചനങ്ങള്‍ നേരിടുന്നവര്‍ക്ക് അതിനുള്ള അവകാശം ലംഘിക്കപ്പെടുന്നുണ്ട്. ആദിവാസികള്‍ പോലുള്ള വിഭാഗത്തിനും താഴ്ന്ന ജാതിക്കാര്‍ക്കും മികച്ച ആരോഗ്യ സംരക്ഷണത്തിനുള്ള അവസരങ്ങള്‍ എപ്പോഴും നിഷേധിക്കപ്പെടുന്നുണ്ട്.

9. ശുചിത്വമുള്ള വെള്ളത്തിന്റെ ലഭ്യതക്കുറവ്

ലോകത്ത് വലിയൊരു വിഭാഗം ജനതയ്ക്ക് ഇന്നും ശുചിയായ വെള്ളം ലഭിക്കുന്നില്ല. അത്തരത്തില്‍ ജീവിക്കുന്ന ജനതയുടെ ആരോഗ്യവും ജീവിതവും തികച്ചും വെല്ലുവിളി നിറഞ്ഞതാണ്. അഞ്ച് വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളുടെ മരണകാരണങ്ങളില്‍ ഒന്ന് വെള്ളവും ശുചിത്വവുമായി ബന്ധപ്പെട്ട അണുബാധകള്‍ മൂലമാണ്.

മനുഷ്യാവകാശ ലംഘനങ്ങളുടെ മേല്‍നോട്ടം

സംസ്ഥാന സര്‍ക്കാരിനാണ് മനുഷ്യാവകാശ ലംഘനങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനുമുള്ള പ്രാഥമിക ഉത്തരവാദിത്തം. മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുക, അംഗീകരിക്കുക, ഉയര്‍ത്തിപിടിക്കുക ഈ മൂന്ന് ഉത്തരവാദിത്തങ്ങള്‍ നിറവേറിയാല്‍ അവിടെ അസമത്വം, അക്രമം, അടിമത്തം തുടങ്ങിയവ ഉണ്ടാകില്ല. നിയമങ്ങള്‍ ലംഘിക്കുകയും തടസ്സങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നവര്‍ക്കെതിരെയും നിയമ നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അത്തരം ലംഘനങ്ങള്‍ നമുക്ക് ഒന്നായി തടുക്കാം, ഒന്നായി നില്‍ക്കാം, ഒരുമിച്ചു മുന്നേറാം.

മനുഷ്യാവകാശങ്ങളെ ലംഘിച്ച ചരിത്രത്തിലെ ക്രൂരരായ ഭരണാധികാരികള്‍

1) തിമൂര്‍ – പടിഞ്ഞാറന്‍ ഏഷ്യയുടെ ഭരണാധികാരി.

70,000 തലകള്‍ കൊണ്ട് മിനാരം പണിത തിമൂര്‍, ജീവനുള്ള മനുഷ്യരെ വച്ച് ഗോപുരം പണിത് ക്രൂരതയുടെ ചരിത്രത്തില്‍ ഇടം പിടിച്ചു.

2) ജോസഫ് സ്റ്റാലിന്‍

1930ല്‍ ജോസഫ് വ്യവസായവല്‍ക്കരണം നടത്തുകയും ലക്ഷകണക്കിന് ജനങ്ങള്‍ പട്ടിണിയും, ലേബര്‍ ക്യാമ്പിലെ തടങ്കലിലാക്കല്‍ കൊണ്ടും നരകയാതന അനുഭവിക്കുകയും ചെയ്തു.

3) അഡോള്‍ഫ് ഹിറ്റ്‌ലര്‍

ഹിറ്റ്‌ലറുടെ ഭരണത്തിന്‍കീഴില്‍ നാസികള്‍ ഏകദേശം 11 ദശലക്ഷം ആളുകളെ കൊന്നൊടുക്കി. ജൂതന്മാര്‍, സ്ലാവുകള്‍, ജിപ്സികള്‍, സ്വവര്‍ഗാനുരാഗികള്‍, രാഷ്ട്രീയ എതിരാളികള്‍ എന്നിവരെ തടങ്കലിലാക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും കൊന്നൊടുക്കുകയും ചെയ്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!