ബന്ധങ്ങള്‍ വളരാന്‍ ഇനി ജില്ലാ ക്ഷേമകാര്യ കലണ്ടര്‍

0

 

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ 2023 ലെ കലണ്ടര്‍ ശ്രദ്ധേയമാവുന്നു.ജീവിത തത്വങ്ങളും പൊതു വിവരങ്ങളും പരിചയപ്പെടുത്തുന്ന രീതിയിലാണ് താളുകള്‍ ക്രമീകരിച്ചിരിക്കുന്നത്.ബന്ധങ്ങള്‍ വളരാന്‍ എന്ന തലവാചകത്തിലുള്ള അവസാന താളില്‍ ഊഷ്മളമായ സൗഹൃദത്തിന് പതിനെട്ട് സന്ദേശങ്ങള്‍ രേഖപ്പെടുത്തിയാണ് കലണ്ടര്‍ അവസാനിക്കുന്നത്.

2023 വര്‍ഷത്തെ കലണ്ടര്‍ കര്‍ഷക അവാര്‍ഡ് ജേതാവ് ജീന്‍ ബാങ്കര്‍’ ചെറുവയല്‍ രാമന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും നിലവിലെ മെമ്പറുമായ കെ.ബി.നസീമക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു.നൂറ്റമ്പത് വര്‍ഷം പഴക്കമുള്ള ചെറുവയല്‍ രാമേന്റെ വൈക്കോല്‍ മേഞ്ഞ വീട്ടുമുറ്റത്ത് വെച്ചായിരുന്നു പ്രകാശന ചടങ്ങ്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം എ.എന്‍.സുശീല,റിയാസ്.കെ തുടങ്ങിയവര്‍ സംബന്ധിച്ചു.

വയനാട് ജില്ലാ പഞ്ചായത്തിലെ മുഴുവന്‍ ഭരണ സമിതിയംഗങ്ങളുടെയും പേരും ഫോണ്‍ നമ്പറും ഡിവിഷനുമടക്കെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ കലണ്ടറില്‍ ജില്ലയിലെ മറ്റ് പ്രധാനപ്പെട്ട ഓഫീസുകളിലെ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടേണ്ട അത്യാവശ്യ നമ്പറുകളും കൊടുത്തിട്ടുണ്ട്.വയനാട് ജില്ലാ രൂപീകരണ തീയതി, ജില്ലയിലെ തദ്ദേശ വാര്‍ഡുകളുടെ എണ്ണം,ജില്ലയിലെ ജനസംഖ്യാ,ജനസാന്ദ്രത തുടങ്ങി ഒട്ടേറെ പൊതുവിവരങ്ങളും അടങ്ങിയ കലണ്ടറില്‍ വയനാടിന്റെ ഭൂപടവും ചെറിയ രൂപത്തില്‍ ക്രമീകരിച്ചിരിച്ചിട്ടുണ്ട്.രാഷ്ട്രം എന്നത് ദരിദ്രരായ മനുഷ്യരുടെ കണ്ണീരൊപ്പലാണ് എന്നതടക്കമുള്ള ഗാന്ധിജിയുടെ പ്രധാനപ്പെട്ട വചനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിന് പുറമെ ദിവസത്തിന്റെയും മാസത്തിന്റെയും പൊതു പ്രത്യേകതകള്‍ പറയുന്നതോടൊപ്പം വ്യക്തി ജീവിതത്തില്‍ സമയത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന പ്രചോദനാത്മകമായതും മനോഹരവുമായ ഉദ്ധരണികളും ക്രമപ്പെടുത്തിയിട്ടുണ്ട്.വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും നല്‍കി പങ്കാളിയാവാന്‍ പൊതുജനങ്ങളെ സ്വാഗതം ചെയ്തു കൊണ്ടുള്ള അഭ്യര്‍ത്ഥനയോടൊപ്പം നിര്‍ദേശങ്ങള്‍ അയക്കാനുള്ള ഇ-മൈല്‍ ഐഡിയും കലണ്ടറില്‍ കൊടുത്തിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!