തൊഴില്‍സഭകള്‍ ഗ്രാമങ്ങളിലേക്ക് പദ്ധതിക്ക് ജില്ലയില്‍ തുടക്കം

0

 

തൊഴില്‍സഭകള്‍ ഗ്രാമങ്ങളിലേക്ക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മീനങ്ങാടിയില്‍ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു.യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും നയിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ തൊഴില്‍സഭകള്‍ക്ക് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ തുടക്കം.ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ എല്ലാ വാര്‍ഡുകളിലും തൊഴില്‍ സഭകള്‍ വിളിച്ചുചേര്‍ക്കുന്നത്.

അഭ്യസ്തവിദ്യരായ നിരവധി യുവാക്കള്‍ തൊഴിലില്ലാത്ത സാഹചര്യത്തിലൂടെയാണ് കടന്നു പോവുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ വ്യക്തിയ്ക്കും ലളിതമായ പരിശീലനങ്ങളിലൂടെ ചെറുകിട സംരഭങ്ങള്‍ തുടങ്ങുവാനുള്ള മാര്‍ഗ്ഗങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ മേല്‍നോട്ടത്തിലാണ് പദ്ധതികള്‍ ഏകോപിപ്പിക്കുക. ഇതിനായി ഗ്രാമസഭകളുടെ മാതൃകയില്‍ അതത് തദ്ദേശ സ്ഥാപനത്തിലെ തൊഴിലന്വേഷകരുടെ സഭ രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. വിവിധ വകുപ്പുകളിലെ അവസരങ്ങള്‍ അതത് പ്രദേശങ്ങളിലുള്ളവര്‍ക്ക് പദ്ധതിയുടെ ഭാഗമായി ഉറപ്പാക്കാം എന്നതാണ് പദ്ധതിയെ ശ്രദ്ദേയമാക്കുന്നത്. പ്രാദേശിക സംരംഭകത്വം വര്‍ധിപ്പിച്ച്, തൊഴില്‍ സാധ്യകള്‍ കൂട്ടി, വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ബദല്‍ ഇടപെടലാണ് തൊഴില്‍സഭയിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിനും രാജ്യത്തിനും അകത്തും പുറത്തുമുള്ള തൊഴിലിലേക്ക് തൊഴിലന്വേഷകരെ എത്തിക്കുന്നതും തൊഴില്‍ സഭയിലൂടെ ലക്ഷ്യമാക്കുന്നുണ്ട്.

ആയിരത്തില്‍ അഞ്ചുപേര്‍ക്ക് തൊഴില്‍ നല്‍കാനുള്ള പദ്ധതിയും, ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ തുടങ്ങാനുള്ള പദ്ധതിയും, കെ ഡിസ്‌ക് വഴി ഇരുപത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിയുമെല്ലാം തൊഴില്‍ സഭകളുടെ സഹകരണത്തോടെ നടപ്പിലാക്കും. അതോടൊപ്പം വ്യത്യസ്ത വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങളെ തദ്ദേശ സ്വയം ഭരണ സ്ഥാപനതലത്തില്‍ ഏകോപിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ സംവിധാനങ്ങളുടെയും സ്വകാര്യ മേഖലകളുടെയും സഹായം തൊഴില്‍ അന്വേഷകരിലേക്ക് നേരിട്ടെത്തിക്കുക എന്നതും തൊഴില്‍ സഭയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. പരിപാടിയില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍, ഡെപ്യൂട്ടി കളക്ടര്‍ ദേവകി തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!