മധുരിക്കും ഓര്‍മ്മകള്‍

0

ദീപാവലി ദിവസം ഉച്ചയോടെ 6 , 7 കാറുകള്‍ അധ്യാപക ദമ്പതിമാരുടെ വീട്ടുമുറ്റത്തെത്തി, അതില്‍ നിന്നും മധ്യവയസ്‌കരായ കുറെ പേര്‍ തൊഴു കൈകളുമായി വീട്ടിലേക്ക് കയറി അവര്‍ സ്വയം പരിചയപ്പെടുത്തി ഞങ്ങള്‍ വാളാട് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ആയിരുന്നു. അധ്യാപക ദമ്പതിമാര്‍ അത്ഭുതത്തോടെ അവരെ നോക്കി കാരണം വന്നവരില്‍ മുഴുവനും ജീവിത സായാഹ്നത്തില്‍ എത്തിയവരായിരുന്നു. വിദ്യാര്‍ത്ഥികളായി വാളാട് സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് അവര്‍ക്ക് പ്രിയപ്പെട്ടവരായിരുന്നു വര്‍ക്കി മാഷും റേച്ചല്‍ റീച്ചറും. 39 വര്‍ഷം മുന്‍പ് വാളാട് ഹൈസ്‌കൂളില്‍ നിന്നും പിരിഞ്ഞു പോയവരുടെ സൗഹൃദ കൂട്ടായ്മയില്‍ ആണ് തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരെ വിളിച്ചുവരുത്തി ആദരിക്കുന്നതിന് പകരം അവരെ വീട്ടില്‍ ചെന്ന് ആദരിക്കുക എന്ന തീരുമാനം ഉണ്ടായത്. 80 വയസ്സായ വര്‍ക്കി മാസ്റ്റര്‍ക്ക് പെട്ടെന്ന് ഓര്‍മ്മ കിട്ടിയില്ലെങ്കിലും 72 വയസ്സായ റേച്ചല്‍ ടീച്ചര്‍ പലരെയും പെട്ടെന്ന് ഓര്‍ത്തെടുത്തു. അത് ജീവിത മധ്യാഹ്നം പിന്നിട്ട കുട്ടികളെ അത്ഭുതപ്പെടുത്തി.സ്‌കൂള്‍ ലീഡര്‍ ആയ ഗിരീഷിനെ ടീച്ചര്‍ പെട്ടെന്ന് ഓര്‍ത്തെടുത്തു.

അധ്യാപകരുമായുള്ള കുശല അന്വേഷണത്തിനിടെ അധ്യാപകരായ മകനും മരുമകളും ചായയുമായി എത്തി. തുടര്‍ന്ന് കൂട്ടായ്മയുടെ വക പൊന്നാട ഇപ്പോള്‍ വാളാട് ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാന അധ്യാപകനായ ഷാജുവും എസ് ബി ഐ കോഴിക്കോട് ശാഖ ജീവനക്കാരനായ ഗിരീഷിനും ചേര്‍ന്ന് അണിയിച്ചു.എന്നൊന്നും ഓര്‍ക്കാന്‍ ഒന്നിച്ചു നിന്ന് ഫോട്ടോ എടുത്ത ശേഷം യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ തങ്ങളുടെ പ്രിയ ശിഷ്യര്‍ക്ക് അധ്യാപക ദമ്പതിമാര്‍ നിറഞ്ഞ ഹൃദയത്തോടെ കൈവീശി യാത്രയാക്കി. 1984 ലെ എസ്എസ്എല്‍സി ബാച്ചിലെ കുട്ടികളും മറ്റു ക്ലാസുകളില്‍ പഠിച്ച കൂട്ടുകാരും സംഗമത്തില്‍ പങ്കാളികളായി.40 ഓളം പേരാണ് കൂട്ടായ്മയില്‍ ഉണ്ടായിരുന്നത്.അതില്‍ ആറാം ക്ലാസില്‍ മാത്രം ഒരു വര്‍ഷം പഠിച്ച കോട്ടയംകാരി ഗീതയും 30 വര്‍ഷമായി മുംബൈയില്‍ തുടരുന്ന ജസിയും സൗഹൃദ സംഗമത്തില്‍ പങ്കെടുക്കാനായി മാത്രം എത്തിയിരുന്നു.ഒത്തുചേരലിന് ശേഷം പിന്നീട് എത്തിയത് തങ്ങളുടെ എല്ലാമെല്ലാമായ സ്‌കൂള്‍ മുറ്റത്താണ്.പഴയ പല ബില്‍ഡിങ്ങുകളും ഇന്നില്ലെങ്കിലും ഉള്ളതില്‍ അവര്‍ ഓര്‍മ്മകള്‍ പുതുക്കി. സ്‌കൂള്‍ ലീഡര്‍ ആയിരുന്ന ഗിരീഷിന്റെ നേതൃത്വത്തില്‍ പ്രതീകാത്മക അസംബ്ലികൂടി.

ക്ലാസ് റൂമിന്റെ പുറത്തുള്ള ബെഞ്ചില്‍ ഇരുന്നും ഓര്‍മ്മകള്‍ പങ്കിട്ടു.അന്ന് സ്‌കൂളിന് പുറകിലുള്ള കുട്ടികള്‍ ഏറെ ഇഷ്ടപ്പെട്ട റബര്‍തോട്ടം കാണാനായിരുന്നു ചിലരുടെ പോക്ക്.പക്ഷേ അവിടെ ഗ്രൗണ്ട് ആയി മാറി കഴിഞ്ഞിരുന്നു.ഉച്ചയോടെ വീണ്ടും സംഗമസ്ഥാനത്തേക്ക് പോയി. ഉച്ചയ്ക്കുള്ള സമൃദ്ധമായ ഭക്ഷണത്തിനുശേഷം ഓരോരുത്തരും അവരവരുടെ ജീവിത സാഹചര്യങ്ങള്‍ വിവരിച്ചു.ബന്ധങ്ങള്‍ക്ക് കൂടുതല്‍ ഈടും പാവും നല്‍കി. ഇതിനിടയില്‍ സ്‌കൂളിലെ പഴയ കലാകാരന്മാര്‍ വാസനകള്‍ പുതുക്കി.മണിക്കൂറുകള്‍ പോയത് അറിയാതെ അവര്‍ ഇരുന്നു.അനുവദിച്ച സമയം കഴിയാറായതോടെ പരസ്പരം പുല്‍കിയും കൈവീശിയും വീണ്ടും ഒന്നിച്ചു കൂടണം എന്ന് ആഗ്രഹത്തോടെ ഓരോരുത്തരും യാത്ര പറഞ്ഞിറങ്ങി.

 

Leave A Reply

Your email address will not be published.

error: Content is protected !!