കൊവിഡ് നിയന്ത്രണങ്ങള്‍ അയയുന്നു; കൂടുതല്‍ ഇളവുകള്‍ നല്‍കി കേന്ദ്ര ആരോഗ്യമന്ത്രാലയം

0

കൊവിഡ് നിയന്ത്രണങ്ങളുടെ കാര്യത്തില്‍ എന്തൊക്കെ ഇളവുകള്‍ നല്‍കാമെന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് വിശദമായ നിര്‍ദ്ദേശം നല്‍കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കച്ചവടം ഉള്‍പ്പടെ സാമ്പത്തിക കാര്യങ്ങള്‍ തുടരാം. കല്യാണം, ഉത്സവം, കലാ കായിക പരിപാടികള്‍ ഉള്‍പ്പടെയുള്ള ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

അന്തര്‍ സംസ്ഥാന യാത്രകള്‍, സിനിമ തിയ്യേറ്ററുകള്‍, മാളുകള്‍ ഒന്നിനും നിയന്ത്രണങ്ങള്‍ ഇല്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തനം തുടരാം. എന്നാല്‍ പ്രാദേശിക സ്ഥിതി അനുസരിച്ചു സംസ്ഥാനങ്ങള്‍ തീരുമാനം എടുക്കണം എന്നും ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കും കിടക്കകളുടെ എണ്ണവും കണക്കില്‍ എടുത്ത് വേണം ഇളവുകള്‍ അനുവദിക്കാന്‍. കൊവിഡ് പരിശോധന അടക്കം അഞ്ചു ചട്ടങ്ങളും കൃത്യമായി തുടരണമെന്നും നിര്‍ദ്ദേശമുണ്ട്. മാസ്‌കും സാമൂഹ്യ അകലവും ഉള്‍പ്പടെ മാനദണ്ഡങ്ങള്‍ തുടരണം.

കൊവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ദുരന്ത നിവാരണ നിയമം പ്രയോഗിക്കുന്നത് അവസാനിപ്പിക്കാമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാവിലെ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിശദമായ നിര്‍ദ്ദേശങ്ങള്‍ വരുന്നത്. മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസെടുക്കുന്നതടക്കം ഇത് വഴി ഒഴിവാക്കാവുന്നതാണ്. മാസ്‌ക് പൂര്‍ണ്ണമായും മാറ്റാന്‍ അല്ല നിര്‍ദ്ദേശമെന്ന് കേന്ദ്രം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡ് പ്രതിരോധത്തില്‍ ദുരന്ത നിവാരണ നിയമമായിരുന്നു നിയന്ത്രണങ്ങള്‍ നടപ്പാക്കിയതിലെ കാതല്‍. ലോക്ക്ഡൗണ്‍, പ്രാദേശിക നിയന്ത്രണം എന്നിവയില്‍ ഇതുപ്രകാരം നിര്‍ദേശങ്ങളും ലംഘിക്കുന്നവര്‍ക്കെതിരെ കേസുകളും ഉണ്ടായിരുന്നു. കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ ഇത് നിര്‍ത്താമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഇതോടെ, കൊവിഡ് നിയന്ത്രണ ലംഘനങ്ങളിലെ കേസുകള്‍ ഒഴിവായേക്കും. നിര്‍ദ്ദേശപ്രകാരം മാസ്‌ക്കിട്ടില്ലെങ്കില്‍ കേസെടുക്കണമെന്നില്ല. എന്നാല്‍ മാസ്‌ക്ക് മാറ്റാമെന്ന രീതിയില്‍ പ്രചാരണം വന്നതോടെ മാസ്‌ക്ക് പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടില്ലെന്ന് കേന്ദ്രം വിശദീകരിച്ചു. മാസ്‌ക്കും സാമൂഹ്യ അകലവും തുടരണമെന്നാണ് പുതിയ നിര്‍ദ്ദേശം. ഏതായാലും ദുരന്ത നിവാരണ നിയമം പ്രയോഗിക്കുന്നത് അവസാനിപ്പിക്കുന്നതോടെ താഴേത്തട്ടിലടക്കം ഉള്ള കടുപ്പിച്ച നടപടികള്‍ ഒഴിവാകും.

ദുരന്ത നിവാരണ നിയമത്തിന് പുറമെ, പകര്‍ച്ചവ്യാധി പ്രതിരോധ നിയമം, പൊലീസ് ആക്റ്റ് എന്നിവ കൂടി ചേര്‍ത്താണ് സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍. ഇതിനാല്‍ ഏതൊക്കെ കാര്യങ്ങളില്‍ ഇളവെന്നതിന് സംസ്ഥാനത്തെ ഉത്തരവ് വരെ കാത്തിരിക്കണം. മാസ്‌ക് മാറ്റാന്‍ ആകുമോയെന്ന കാര്യം നേരത്തെ സംസ്ഥാന സര്‍ക്കാര്‍ നേരത്തേ വിദഗ്ധരുമായി കൂടിയാലോചിച്ചിരുന്നു. മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇപ്പോള്‍ പൊലീസ് മുന്‍പത്തേത് പോലെ കേസുകള്‍ എടുക്കുന്നുമില്ല.

 

Leave A Reply

Your email address will not be published.

error: Content is protected !!