ജൂലൈ 1 മുതല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്കുള്ള നിരോധനം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനയും പിഴ ഈടാക്കലും ഊര്‍ജിതമാക്കാന്‍ തദ്ദേശ വകുപ്പ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദേശം കൈമാറി. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട് കോവിഡ് കാലത്ത് വ്യാപാരികള്‍ക്കു നല്‍കിയിരുന്ന ഇളവുകള്‍ ഇനി മുതല്‍ നല്‍കേണ്ടതില്ലെന്നും നിര്‍ദേശമുണ്ട്. പ്ലാസ്റ്റിക് സ്‌ട്രോ, പ്ലേറ്റ്, കപ്പ് തുടങ്ങി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്കുള്ള നിരോധനം രാജ്യത്തു പ്രാബല്യത്തിലാകുന്ന സാഹചര്യത്തിലാണ് ഇത്. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ഹരിത ചട്ട പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും. 2020 ജനുവരി 1 മുതലാണ് ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കിനുള്ള നിരോധനം സംസ്ഥാനത്ത് നടപ്പാക്കിയത്. രണ്ടാഴ്ചയ്ക്കു ശേഷമാണു പിഴ ഈടാക്കി തുടങ്ങിയത്. 11 ഇനം പ്ലാസ്റ്റിക് വിഭാഗങ്ങള്‍ക്കാണു പിഴ നിശ്ചയിച്ചിരുന്നത്.
കലക്ടര്‍മാര്‍, സബ് കലക്ടര്‍മാര്‍, തദ്ദേശ, ആരോഗ്യ വകുപ്പുകളിലെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിലെയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണു നിരോധനം നടപ്പാക്കാനുള്ള ചുമതല.എന്നാല്‍, കോവിഡിനെ തുടര്‍ന്ന് പരിശോധനകള്‍ പൂര്‍ണമായി മുടങ്ങിയതോടെ നിരോധനം പാതിവഴിയിലായി. ആദ്യ നിയമലംഘനത്തിനു 10,000 രൂപയും ആവര്‍ത്തിച്ചാല്‍ 25,000 രൂപയും മൂന്നാം തവണയും ലംഘിച്ചാല്‍ 50,000 രൂപയും പിഴ ഈടാക്കുമെന്നായിരുന്നു ഉത്തരവ്.