തൊഴിലിടങ്ങളും അതിഥി തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളും പൂര്‍ണമായും ലഹരിമുക്തമാകണമെന്നും ഇക്കാര്യത്തില്‍ തൊഴിലാളികളുടെ പൂര്‍ണ സഹകരണം വേണമെന്നും അഡ്വ.ടി സിദ്ദിഖ് എം.എല്‍.എ. അതിഥി തൊഴിലാളികള്‍ക്കായി കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് തൊഴിലും നൈപുണ്യവും വകുപ്പും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായരുന്നു അദ്ദേഹം. ബോധവത്ക്കരണത്തിന്റെ ഭാഗമാൈയി കവച് നാടകവും സിവില്‍ സ്റ്റേഷനില്‍ നിന്നും പുതിയ ബസ് സ്റ്റാന്റിലേക്ക് അതിഥി തൊഴിലാളികളുടെ ലഹരി വിരുദ്ധ പ്രചാരണ റാലിയും സംഘടിപ്പിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി അധ്യക്ഷനായി.
ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ കെ.വി വിപിന്‍ലാല്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.ഡി.എം എന്‍.ഐ ഷാജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, ജില്ലാ ലേബര്‍ ഓഫീസര്‍ എസ്.പി ബഷീര്‍, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ടി.ജി ടോമി, കല്‍പ്പറ്റ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ കെ.കെ വിനയന്‍, കല്‍പ്പറ്റ പ്ലാന്റേഷന്‍ ഇന്‍സ്പെക്ടര്‍ പദ്മഗിരീഷ്, മാനന്തവാടി പ്ലാന്റേഷന്‍ ഇന്‍സ്പെക്ടര്‍ ജോബി തോമസ്, അസി. ലേബര്‍ ഓഫീസര്‍മാരായ ജിജു ടി.കെ, അബ്ദുറഹീം സി.എ എന്നിവര്‍ സംസാരിച്ചു. എന്‍.എം.എസ്.എം ഗവണ്‍മെന്റ് കോളേജിലെ എന്‍.എസ്.എസ് വൊളണ്ടിയര്‍മാര്‍, തൊഴില്‍ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
ലഹരി വിമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി തൊഴിലും നൈപുണ്യവും വകുപ്പ് സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്കായി ലഹരി വിരുദ്ധ ബോധ വല്‍ക്കരണ ക്ലാസ്സുകള്‍, വിളംബര ജാഥകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവ സംഘടിപ്പിച്ചു വരികയാണ്. ഒക്ടോബര്‍ 15 ന് ആരംഭിച്ച ലഹരി വിരുദ്ധ ക്യാമ്പയിന്‍ 22 ന് പുല്‍പ്പള്ളിയില്‍ സമാപിക്കും.