അപാരഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ് കരിയറില്‍ ഒരു സുപ്രധാന നേട്ടം കൂടി കൈവരിച്ചു. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ട്വന്റി 20യില്‍ 50 സിക്‌സറുകള്‍ നേടുന്ന ആദ്യ താരമെന്ന ബഹുമതിയാണ് സൂര്യകുമാര്‍ സ്വന്തമാക്കിയത്. ഗുവാഹത്തിയില്‍ നടന്ന രണ്ടാം ട്വന്റി 20യിലാണ് താരം ഈ നേട്ടം കരസ്ഥമാക്കിയത്.
ഗുവാഹത്തി ട്വന്റി 20യില്‍ ബാറ്റിംഗ് വെടിക്കെട്ട് നടത്തിയ സൂര്യകുമാര്‍ 22 പന്തില്‍ 61 റണ്‍സാണെടുത്തത്. ഇതില്‍ അഞ്ചു വീതം സിക്‌സറുകളും ബൗണ്ടറികളും അഴകേകുന്നു. പാകിസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാന്റെ റെക്കോര്‍ഡാണ് സൂര്യകുമാര്‍ പിന്തള്ളിയത്.
കഴിഞ്ഞവര്‍ഷം റിസ്‌വാന്‍ നേടിയ 42 സിക്‌സറുകളാണ് ട്വന്റി 20യില്‍ ഇതുവരെ കലണ്ടര്‍ വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡ്. 2021 കലണ്ടര്‍ വര്‍ഷം ന്യൂസിലന്റ് താരം മാര്‍ട്ടിന്‍ ഗുപ്റ്റില്‍ നേടിയ 41 സിക്‌സറുകളാണ് മൂന്നാം സ്ഥാനത്ത്.