വിദേശ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യാന്തര യാത്രക്കാര്‍ക്കായി കേന്ദ്രആരോഗ്യമന്ത്രാലയം പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഇന്ത്യയിലേക്ക് വിദേശത്തു നിന്നും എത്തുന്ന എല്ലാ യാത്രക്കാരും, അതതു രാജ്യത്ത് എത്ര ഡോസ് വാക്‌സിനാണോ നിര്‍ദേശിച്ചിട്ടുള്ളത്, അത്രയും മുഴുവന്‍ ഡോസ് വാക്‌സിനും സ്വീകരിച്ചവരായിരിക്കണം.
വിമാനയാത്രയ്ക്കിടെ ഏതെങ്കിലും യാത്രക്കാരന് രോഗലക്ഷണം പ്രകടമായാല്‍, ഉടനെ മാറ്റി ഇരുത്തണം. മാസ്‌ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. മറ്റാ യാത്രിക്കാരില്‍ നിന്നും ഐസൊലേറ്റ് ചെയ്യുന്ന ഇയാളെ തുടര്‍ ചികിത്സയ്ക്കായി ബന്ധപ്പെട്ട കേന്ദ്രത്തിലേക്ക് മാറ്റണം.
യാത്രക്കാര്‍ വിമാനത്തില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. എല്ലാ യാത്രക്കാരെയും തെര്‍മല്‍ സ്‌ക്രീനിങ്ങിന് വിധേയരാക്കിയശേഷം മാത്രമേ അകത്തേക്ക് കടത്തി വിടാന്‍ പാടുള്ളൂ.
തെര്‍മല്‍ പരിശോധനയ്ക്കിടെ ആര്‍ക്കെങ്കിലും രോഗലക്ഷണം പ്രകടമായാല്‍ ഉടന്‍ തന്നെ ഐസൊലേറ്റ് ചെയ്ത് ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റണം. ഫ്‌ലൈറ്റിലെ മൊത്തം യാത്രക്കാരില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് ശതമാനം പേര്‍ വിമാനത്താവളങ്ങളില്‍ റാന്‍ഡം പോസ്റ്റ്അറൈവല്‍ പരിശോധനയ്ക്ക് വിധേയരാകണം.
സാമ്പിളുകള്‍ സമര്‍പ്പിച്ചതിന് ശേഷമായിരിക്കും ഇവരെ വിമാനത്താവളത്തിന് പുറത്ത് വിടാന്‍ അനുവദിക്കുകയുള്ളൂ. സാമ്പിളുകള്‍ പോസിറ്റീവ് ആണെങ്കില്‍, സ്രവം ജനിതകശ്രേണീകരണത്തിന് അയക്കും. ഇവരെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റും. 12 വയസ്സിന് താഴെയുള്ള കുട്ടികളെ റാന്‍ഡം ടെസ്റ്റിങ്ങില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട,
എന്നാല്‍ എത്തിച്ചേരുമ്പോഴോ സ്വയം നിരീക്ഷണ കാലയളവിലോ കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍, അവരെയും പരിശോധിക്കുകയും ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്യും. എല്ലാ യാത്രക്കാരും അവരുടെ ആരോഗ്യം സ്വയം നിരീക്ഷിച്ച് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ദേശീയ അല്ലെങ്കില്‍ സംസ്ഥാന ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ അറിയിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.