വയനാട് മെഡിക്കല്‍ കോളേജ് തലപ്പുഴ ബോയിസ് ടൗണിലെ ഭൂമി ഏറ്റെടുത്ത് സര്‍ക്കാര്‍ ഉത്തരവ്. കോളേജ് നിര്‍മ്മാണത്തിനായി ബോയിസ് ടൗണിലെ 65 ഏക്കര്‍ ഭൂമിയാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറി കൊണ്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി ആഷ തോമസ് ഉത്തരവിറക്കിയത്. ഉത്തരവിറങ്ങിയതോടെ വയനാട് മെഡിക്കല്‍ കോളേജ് എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുകയാണ്.
വയനാട് മെഡിക്കല്‍ കോളേജ് നിലവില്‍ പ്രവര്‍ത്തിക്കുന്നത് മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിലാണ്. ജില്ലാ ആശുപത്രിക്ക് നിലവില്‍ 8.74 ഏക്കര്‍ ഭൂമിയാണ് ഉള്ളത്. നഴ്‌സിംഗ് കോളേജ് കെട്ടിടം കൂടി ലഭ്യമാക്കിയാണ് നിലവില്‍ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം നടന്നു വരുന്നത്. ഈ സൗകര്യങ്ങള്‍ പരിമിതമാണെന്നിരിക്കെയാണ് സര്‍ക്കാരിന്റ തന്നെ കൈവശത്തിലുള്ള തവിഞ്ഞാല്‍ പേര്യ വില്ലേജില്‍പ്പെട്ട ബോയിസ് ടൗണിലെ 65 ഏക്കര്‍ ഭൂമി മെഡിക്കല്‍ കോളേജ് നിര്‍മ്മാണത്തിനായി വിട്ടു നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായത്.
ഇക്കഴിഞ്ഞ മാര്‍ച്ച് 14 നാണ് ഭൂമി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ആഷ തോമസ് ഉത്തരവിറക്കിയത്. നടപടിക്രമങ്ങള്‍ സമയബന്ധിതമായി നടപാക്കാന്‍ ജില്ലാ കലക്ടറോടും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശവും നല്‍കിയതായി ഉത്തരവില്‍ പറയുന്നു. നേരത്തെ മെഡിക്കല്‍ കോളേജിന്റെ പ്രാഥമിക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിരുന്നു. അതിന് പുറകിലായി സ്ഥലം വിട്ടു നല്‍കിയുള്ള ഉത്തരവ് കൂടി ഇറങ്ങിയതോടെ മെഡിക്കല്‍ കോളേജ് എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് ഒരു പടികൂടി മുന്നിട്ടിരിക്കുകയാണ്.