വ്യാജ ആധാര്‍ നിര്‍മിച്ച് ഫാന്‍സി സിം നമ്പര്‍ കരസ്ഥമാക്കി തട്ടിപ്പ് ;പ്രതിയെ വയനാട് സൈബര്‍ പോലീസ് പിടികൂടി

0

കണ്ണൂര്‍ സ്വദേശിയുടെ വ്യാജ ആധാര്‍ നിര്‍മിച്ച് അയാളുടെ പേരിലുള്ള ഫാന്‍സി സിം നമ്പര്‍ കരസ്ഥമാക്കി ലക്ഷങ്ങള്‍ വിലയിട്ട് മറിച്ചു വില്‍പ്പന നടത്തിയ തട്ടിപ്പുകാരനെ വയനാട് പോലീസ് വലയിലാക്കി. കര്‍ണാടക ചിക്ക്‌ബെല്ലപ്പൂര്‍ സ്വദേശിയായ ഹാരിഷ്(27)നെയാണ് കര്‍ണാടകയില്‍ നിന്നും വയനാട് സൈബര്‍ പോലീസ് പിടികൂടിയത്.കല്‍പ്പറ്റ ബി.എസ്.എന്‍.എല്‍ അധികൃതരുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് വലിയൊരു തട്ടിപ്പുകാരനെ പോലീസ് പിടികൂടിയത്.

രേഖകളില്‍ കൃത്രിമം നടത്തി ഡ്യൂപ്ലിക്കേറ്റ് സിം നേടിയെടുത്താണ് കണ്ണൂര്‍ സ്വദേശിയുടെ പേരിലുള്ള ബിഎസ്എന്‍എല്‍ സിം നമ്പര്‍ പ്രതി കരസ്ഥമാക്കിയത്. വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിച്ച് പ്രതിയുടെ ഫോട്ടോ അതില്‍ എഡിറ്റ് ചെയ്ത് കയറ്റി ഒറിജിനല്‍ എന്ന വ്യാജേന സമര്‍പ്പിച്ചാണ് കല്‍പ്പറ്റ ആടചഘ കസ്റ്റമര്‍ കെയര്‍ ഓഫീസില്‍ നിന്നും ഡ്യൂപ്ലിക്കേറ്റ് സിം എടുത്തത്. പിന്നീട് ഈ സിം നമ്പര്‍ ജിയോ കമ്പനിയിലേക്ക് പോര്‍ട്ട് ചെയ്തു. പോര്‍ട്ട് പ്രോസസ് സ്ഥിരീകരണത്തിനായി മലപ്പുറം സ്വദേശിയുടെ പേരില്‍ ഉണ്ടാക്കിയ മറ്റൊരു വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാണ് പ്രതി മഞ്ചേരിയിലെ ജിയോ പോയിന്റില്‍ നിന്നും പ്രസ്തുത നമ്പറില്‍ ജിയോ സിം എടുത്തത്. സ്വന്തം പേരിലുള്ള സിം കാര്‍ഡ് പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി ബിഎസ്എന്‍എല്‍ ഓഫീസില്‍ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് ബി.എസ്.എന്‍.എല്‍ കല്‍പ്പറ്റ ഓഫിസില്‍ അന്വേഷണം നടത്തിയതിനെ തുടര്‍ന്നാണ് തട്ടിപ്പ് വ്യക്തമായത്.

സൈബര്‍ പോലീസ് അന്വേഷണം നടത്തിയതില്‍ നിന്ന് അനധികൃതമായി ഫാന്‍സി നമ്പറുള്ള സിം കാര്‍ഡുകള്‍ വില്പന നടത്തുന്ന സംഘങ്ങള്‍ രാജ്യത്തു പ്രവൃത്തിക്കുന്നതായി കണ്ടെത്തുകയും ഫാന്‍സി നമ്പറുകള്‍ വാങ്ങിയെടുത്തയാളെ തിരിച്ചറിയുകയും ചെയ്യുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തിച്ചേരുന്നത്. ഇത്തരത്തില്‍ വ്യാജ രേഖയുണ്ടാക്കി സ്വന്തമാക്കുന്ന സിം കാര്‍ഡ് ലക്ഷങ്ങള്‍ വിലയിട്ട് ഫാന്‍സി സിം മാര്‍ക്കറ്റില്‍ വില്‍ക്കുന്നതാണ് ഇവരുടെ രീതി. സമാന രീതിയില്‍ മറ്റ് വ്യക്തികളുടെയും വ്യാജ തിരിച്ചറിയല്‍ രേഖകള്‍ നിര്‍മിച്ച് സിം കാര്‍ഡ് നമ്പറുകള്‍ പ്രതി നേടിയെടുത്തിട്ടുണ്ടോ എന്നും, അവ മറിച്ചു വിറ്റ് സാമ്പത്തിക നേട്ടം കൈവരിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിച്ചു വരികയാണ്.

വയനാട് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ വയനാട് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ ഷജു ജോസഫും എ.എസ്.ഐ സുരേഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ. എ സലാം, ഷുക്കൂര്‍, സിവില്‍ പോലീസ് ഓഫീസര്‍ റിജോ ഫെര്‍ണണ്ടസ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണം- പദം സിംഗ് ഐ.പി.എസ്

വ്യാജ രേഖകള്‍ നിര്‍മിച്ച് ഡ്യൂപ്ലിക്കറ്റ് സിം കാര്‍ഡുകള്‍ തട്ടിയെടുക്കുന്ന സംഘത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ പോലീസ് മേധാവി. സ്വന്തം പേരിലുള്ള സിം കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാവുകയാണെങ്കില്‍ ഉടന്‍ തന്നെ സര്‍വീസ് പ്രോവൈഡര്‍മാരുമായി ബന്ധപ്പെട്ട് ഗഥഇ രേഖകള്‍ പുതുക്കേണ്ടതാണെന്നും ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ സൈബര്‍ ടോള്‍ ഫ്രീ നമ്പരായ 1930 ലോ സൈബര്‍ പോലീസ് സ്റ്റേഷനിലോ റിപ്പോര്‍ട്ട് ചെയ്യണമെന്നും ജില്ലാ പോലീസ് മേധാവി പദം സിങ് ഐ. പി. എസ് അറിയിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!