പുസ്തകോത്സവം കല്‍പ്പറ്റയില്‍ തുടങ്ങി

0

വയനാട് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും ജില്ലാ ലൈബ്രറി വികസന സമിതിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വയനാട് പുസ്തകോത്സവം കല്‍പ്പറ്റയില്‍ തുടങ്ങി. സെപ്തംബര്‍16 വരെ കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലാണ് പുസ്തകോത്സവം.ഗ്രന്ഥശാലാ ദിനമായ ഇന്ന് ഗ്രന്ഥശാലാദിന പതാക ഉയര്‍ത്തിയതോടെയാണ് മൂന്ന് ദിവസത്തെ പരിപാടികള്‍ക്ക് തുടക്കമായത്.വയനാടിന് അകത്തും പുറത്തുമുള്ള നൂറ് കണക്കിന് പ്രസാധകരുടെ പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമാണ് പുസ്തകോത്സവത്തില്‍ നടക്കുന്നത്. കെ.ജെ ബേബി പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. ആദ്യ വില്‍പനയുടെ ഉദ്ഘാടനം കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് നിര്‍വ്വഹിച്ചു.പുസ്തക മേളയോടനുബന്ധിച്ച് വിവിധ കലാ-സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.ജില്ലയിലെ പ്രമുഖ കവികള്‍ പങ്കെടുക്കുന്ന കവിയരങ്ങ് സംഘടിപ്പിച്ചിട്ടുണ്ടഎഴുത്തുകാരന്‍ എസ്.ഹരീഷുമായി മുഖാമുഖത്തില്‍ കഥാകൃത്ത് അര്‍ഷാദ് ബത്തേരി, ഹാരിസ് നെന്മേനി തുടങ്ങിയവര്‍ സംസാരിക്കും. അസീസ് തരുവണ രചിച്ച ”ഗോത്രപാഠങ്ങള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്യും.15-ന് വൈകുന്നേരം 4 മണിക്ക് പാട്ടരങ്ങ് – പ്രാദേശിക കലാപരിപാടികള്‍ ഉണ്ടാകും. 5 മണിക്ക് സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂര്‍ മുരളി പ്രഭാഷണം നടത്തും. തുടര്‍ന്ന് കരിരൂര്‍ ശക്തി കലാസാംസ്‌കാരിക വേദിയുടെ ഗസല്‍ ഗാന-സന്ധ്യ അവതരിപ്പിക്കും.16 ന് വൈകുന്നേരം 5 മണിക്ക് പുസ്തകോത്സവം സമാപിക്കും.പ്രമുഖ പ്രസാധകരായ ഡി.സി.ബുക്‌സ്, മാതൃഭൂമി, ചിന്ത, എന്‍.ബി.എസ്, പൂര്‍ണ്ണ, പ്രഭാത് തുടങ്ങിയ 46 പ്രസാധകര്‍ പങ്കെടുക്കുന്നുണ്ട് . 33 മുതല്‍ 50% വരെ കിഴിവ് പുസ്തകങ്ങള്‍ക്ക് ലഭിക്കും. ജില്ലയിലെ 210 ഗ്രന്ഥശാലകള്‍ പുസ്തക ഗ്രാന്റ് ഉപയോഗിച്ച് മേളയില്‍ നിന്ന് പുസ്തകങ്ങള്‍ വാങ്ങും. മറ്റ് സ്ഥാപനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും വിലകുറവില്‍ പുസ്തകങ്ങള്‍ ലഭിക്കും. കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ട് മേളയോടനുബന്ധിച്ച് ഉണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!