കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ആരോഗ്യവകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്j

0

 

സംസ്ഥാനത്ത് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ആരോഗ്യവകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. യുഡിഎഫ് എംഎല്‍എമാരുടെ നിയമസഭാ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. മരണം കണക്കാക്കുന്നത് ചികിത്സിച്ച ഡോക്ടര്‍മാരാണെന്നും ആരോഗ്യമന്ത്രിയുടെ മറുപടിയില്‍ പറയുന്നു.സംസ്ഥാനതല ഡെത്ത് ഓഡിറ്റ് സമിതിയെ കുറിച്ച് മറുപടിയില്‍ പരാമര്‍ശമില്ല. സര്‍ക്കാര്‍ കണക്കും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ കണക്കും തമ്മില്‍ 7000 മരണങ്ങളുടെ അന്തരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതെയാണ് ആരോഗ്യമന്ത്രിയുടെ മറുപടി. തദ്ദേശ സ്വയംഭരണ വകുപ്പ് നടത്തിയ പഠനം പരിശോധിച്ചിട്ടില്ല എന്നും മറുപടിയില്‍ പറയുന്നു.കൊവിഡ് ബാധിതരുടെ മരണക്കണക്കുകള്‍ മറച്ചുവെക്കുന്നെന്ന കടുത്ത ആരോപണമാണ് പ്രതിപക്ഷം ഉയര്‍ത്തിയിരുന്നത്. മരണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പുറത്തുവിട്ട കണക്കും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ കണക്കുകളും തമ്മിലുള്ള പൊരുത്തക്കേടുകള്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നത്. ജൂലൈ 13 ന് നല്‍കിയ വിവരാവകാശ നിയപ്രകാരമുള്ള ചോദ്യത്തിന് ജൂലൈ 23 ന് ലഭിച്ച മറുപടി ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നല്‍കിയ മറുപടി പ്രകാരം സംസ്ഥാനത്ത് 2020 ജനുവരി മുതല്‍ കൊവിഡ് ബാധിച്ച് മരിച്ചത് 23486 പേരാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ പോലും 16170 പേരുടെ മരണം മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ മാത്രം 7316 ന്റെ കുറവുണ്ടെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!