വൈത്തിരി സ്വദേശിയില്‍ നിന്നും 12 ലക്ഷത്തോളം രൂപ തട്ടിയെടുത്ത വന്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം ഡല്‍ഹില്‍ പിടിയില്‍

0

വ്യാജ കോള്‍ സെന്റര്‍ റെയ്ഡ് ചെയ്ത് വന്‍ തട്ടിപ്പ് സംഘത്തെ ഡല്‍ഹിയില്‍ നിന്നും വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു
മീശോ കമ്പനിയുടെ ലക്കി ഡ്രോ സമ്മാന പദ്ധതിയില്‍ എക്‌സ്‌യുവി കാര്‍ സമ്മാനമായി ലഭിച്ചിട്ടുണ്ട് എന്ന് വിശ്വസിപ്പിച്ചു വൈത്തിരി സ്വദേശിയില്‍ നിന്നും 12 ലക്ഷത്തോളം രൂപ തട്ടിയെടുത്ത വന്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തെയാണ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം വയനാട് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഷജു ജോസഫും സംഘവും ഡല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. ബീഹാറില്‍ നിന്നുള്ളവര്‍ നടത്തുന്ന വന്‍ വ്യാജകാള്‍ സെന്റര്‍ മാഫിയ ആണ് ഇതിനു പിന്നില്‍.
ഓണ്‍ലൈന്‍ ഷോപ്പിംഗ് ആപ്പ് ആയ മീശോ കമ്പനിയില്‍ നിന്നും സാധനം വാങ്ങി ഏതാനും ദിവസങ്ങള്‍ക്കകം പരാതിക്കാരന് 15 ലക്ഷം രൂപ സമ്മാനം ലഭിച്ചു എന്ന മെസ്സേജ് ലഭിക്കുകയും തുടര്‍ന്ന് മെസ്സേജില്‍ കണ്ട ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിച്ച പരാതിക്കാരനോട് റെജിസ്‌ട്രേഷന്‍ ഫീസ് ഇനത്തില്‍ ചെറിയ സംഖ്യ അടക്കാന്‍ ആവശ്യപ്പെട്ടു.തുടര്‍ന്ന് തട്ടിപ്പ് സംഘം തന്ത്രപൂര്‍വം വിവിധ ഫീസ് ഇനത്തില്‍ 12 ലക്ഷത്തോളം രൂപ വാങ്ങിയെടുക്കുകയും തുടര്‍ന്ന് വീണ്ടും പണം ആവശ്യപ്പെട്ടപ്പോളാണ് പരാതികാരന്‍ സൈബര്‍ പോലീസിനെ സമീപിച്ചത്.
പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തിയത്തില്‍ മലയാളികളാണ് പരാതിക്കാരനോട് സംസാരിച്ചത് എന്നു മനസ്സിലായി.പിടിക്കപ്പെടാതിരിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ച സിം കാര്‍ഡുകളും പണം സ്വീകരിച്ച ബാങ്ക് അക്കൗണ്ടുകളും ദരിദ്രരായ വെസ്റ്റ് ബംഗാള്‍ സ്വദേശികളുടെ പേരിലുള്ളതായിരുന്നു.എന്നാല്‍ തട്ടിപ്പുകാരുടെ ലൊക്കേഷന്‍ ഡല്‍ഹിയിലും പണം പിന്‍വലിച്ചിരിക്കുന്നത് ബീഹാറിലെ വിവിധ എടിഎംമ്മുകളില്‍ നിന്നും മുഖം മറച്ച ചിലയാളുകളുമാണ് എന്നതു രണ്ടര മാസത്തോളം അന്വേഷണ സംഘത്തിന് മുന്നില്‍ വിലങ്ങു തടിയായി.
കൂടുതല്‍ അന്വേഷണത്തില്‍ ബീഹാറില്‍ നിന്നുള്ളവര്‍ നടത്തുന്ന വന്‍ വ്യാജകാള്‍ സെന്റര്‍ മാഫിയ ആണ് ഇതിനു പിന്നില്‍ എന്നും മനസ്സിലായി കഴിഞ്ഞ മാസം അന്വേഷണ സംഘം ഡല്‍ഹിയിലെത്തി പ്രതികളുടെ ടവര്‍ ലൊക്കേഷന്‍ കണ്ട സ്ഥലത്തു ഒരാഴ്ച തുടര്‍ച്ചയായി തിരച്ചില്‍ നടത്തിയെങ്കിലും ജന നിബിഡമായ ഗലികളില്‍ നിന്നും തട്ടിപ്പ് സംഘത്തിന്റെ ഓഫീസ് കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് തട്ടിപ്പ് സംഘതിനു ബാങ്ക് അക്കൗണ്ടുകള്‍ വില്‍പന നടത്തിയ ഒരാളെ പോലീസ് കൊറിയര്‍ ഏജന്റ് ആണെന്ന വ്യാജേന വിളിച്ചു വരുത്തി പിടികൂടുകയും തുടര്‍ന്ന് തട്ടിപ്പ് സംഘത്തിലെ ഒരു ബീഹാര്‍ സ്വദേശി സ്ഥിരമായി ഒരു പെണ്‍ സുഹൃത്തിനെ സന്ദര്‍ശിക്കുന്നുണ്ട് എന്ന് മനസ്സിലാക്കി പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയും അത് മനസ്സിലാക്കിയ പ്രതികള്‍ ബീഹാറിലേക്ക് രക്ഷപെടുകയും ചെയ്തു.
തുടര്‍ന്ന് തിരിച്ചു കേരളത്തില്‍ എത്തിയ പോലീസ് വീണ്ടും അന്വേഷണത്തിന്റെ ഭാഗമായി 150 ഓളം ഫോണ്‍ നമ്പറുകളുടെ അഞ്ചു ലക്ഷത്തോളം കോളുകള്‍ വിശകലനം ചെയ്തതില്‍ തട്ടിപ്പ് സംഘത്തിലെ ബീഹാര്‍ സ്വദേശിക്ക് 10 മാസം മുമ്പ് ഒരു കേരള സിമ്മില്‍ നിന്നും ഒരു മെസ്സേജ് വന്നതായി മനസ്സിലായി ഫോണ്‍ നമ്പറിന്റെ പിന്നാലെ നടത്തിയ അന്വേഷണമാണ് തട്ടിപ്പ് സംഘത്തിലെ മലയാളികളെ കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്.തുടര്‍ന്ന് കഴിഞ്ഞയാഴ്ച വീണ്ടും ഡല്‍ഹിയില്‍ എത്തിയ സൈബര്‍ പോലീസ് തട്ടിപ്പ് സംഘത്തിലെ മലയാളികളെ ഒരാഴ്ചയോളം പിന്തുടര്‍ന്ന് വ്യാജ കാള്‍സെന്റര്‍ പ്രവര്‍ത്തിക്കുന്ന ഡല്‍ഹിയിലെ പിത്തന്‍പുര എന്ന ഇടുങ്ങിയ ഗലിയിലെ ഒരു കെട്ടിടത്തിലെ 7 ആം നിലയിലെ ഓഫീസ് മനസ്സിലാക്കി തുടര്‍ന്ന് അവിടേക്ക് ചായ എത്തിച്ചു നല്‍കുന്ന ഒരാളെ മുന്നില്‍ നിര്‍ത്തി തന്ത്രപൂര്‍വം ഓഫീസിന്റെ ഇരുമ്പ് വാതില്‍ തുറപ്പിച്ചു ആയുധങ്ങളുമായി ഇരച്ചു കയറി ബലപ്രയോഗത്തിലൂടെയാണ് പ്രതികളെ കീഴ്‌പ്പെടുത്തിയത്.
കാള്‍ സെന്റര്‍ നടത്തിപ്പകാരായ ബീഹാര്‍ ഗയ സ്വദേശിയായ സിന്റു ശര്‍മ്മ (31), തമിഴ്‌നാട് സേലം സ്വദേശി അമന്‍ (19), എറണാകുളം സ്വേദേശിയും ഡല്‍ഹിയില്‍ സ്ഥിരതമസക്കാരനുമായ അഭിഷേക് (24), അനില്‍ എന്ന് തട്ടിപ്പിന് ഇരയാക്കുന്നവരോട് പരിചയപ്പെടുത്തി സംസാരിക്കുന്ന പത്തനംതിട്ട സ്വദേശിയും ഡല്‍ഹിയില്‍ സ്ഥിരതമസക്കാരനുമായ പ്രവീണ്‍ (24) എന്നിവരാണ് പിടിയലായത്. തട്ടിപ്പ് കേന്ദ്രത്തില്‍ നിന്നും ഇരകളെ വിളിക്കാന്‍ ഉപയോഗിക്കുന്ന 32 ഓളം മൊബൈല്‍ ഫോണുകളും വിവിധ ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനികളില്‍ നിന്നും പ്രതികള്‍ നിയമവിരുദ്ധ മാര്‍ഗത്തിലൂടെ സംഘടിപ്പിച്ച ആയിരക്കണക്കിന് ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ അടങ്ങിയ രേഖകളും പോലീസ് പിടിച്ചെടുത്തു. തട്ടിപ്പ് കേന്ദ്രം ആണ് എന്നറിയാതെ അവിടെ ജോലി ചെയ്തിരുന്ന 15 ഓളം സ്ത്രീകളെ പോലീസ് ആവശ്യപ്പെടുന്ന സമയത്തു അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കണം എന്ന വ്യവസ്ഥയില്‍ വിട്ടയച്ചിട്ടുള്ളതും തട്ടിപ്പ് കേന്ദ്രത്തിന്റെ മറ്റു നടത്തിപ്പിക്കാരായ ബീഹാര്‍ സ്വദേശികളായ രോഹിത്, അവിനാശ് എന്നയാളുകളെ പിടികൂടുന്നതത്തിനായി കൂടുതല്‍ അന്വേഷണം നടത്തി വരുന്നുണ്ട്. തട്ടിപ്പ് സംഘത്തിന് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളുടെ ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ലഭിച്ചത് പോലീസ് ഗൗരവമായി കാണുന്നുണ്ട്. സംസ്ഥാനത്തുള്ള നിരവധി യാളുകളെ പ്രതികള്‍ തട്ടിപ്പിന് ഇരയാക്കിയതായി പോലീസ് സംശയിക്കുന്നുണ്ട്. ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനികളില്‍ നിന്നും ഇത്തരം സമ്മാനം ലഭിച്ചു എന്ന തരത്തില്‍ വരുന്ന മെസ്സേജുകള്‍ വിശ്വസിക്കരുത് എന്ന് പോലീസ് അറിയിച്ചു.പ്രതികളെ പിടികൂടിയ സംഘത്തില്‍ വയനാട് സൈബര്‍ സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ഷജു ജോസഫ്‌നെ കൂടാതെ എഎസ്‌ഐ ജോയ്‌സ് ജോണ്‍, എസിപിഒമാരായ സലാം കെ. എ. ഷുക്കൂര്‍പിഎ , റിയാസ് എം.എസ്. സിപിഒ ജബലു റഹ്‌മാന്‍, വിനീഷ സി എന്നിവരും ഉണ്ടായിരുന്നു.പ്രതികളെ കല്‍പ്പറ്റസിജെഎം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!