മെഡിക്കല്‍ പിജി കൗണ്‍സലിങ്ങിന് അനുമതി; ഒബിസി സംവരണം ശരിവച്ച്- സുപ്രീം കോടതി

0

മെഡിക്കല്‍ പിജി പ്രവേശനത്തിലെ ഒബിസി സംവരണം സുപ്രീം കോടതി ശരിവച്ചു. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണത്തിനുള്ള മാനദണ്ഡങ്ങള്‍ ഈ വര്‍ഷത്തേക്ക് അംഗീകരിക്കുന്നതായി വ്യക്തമാക്കിയ സുപ്രീം കോടതി നീറ്റ് പിജി കൗണ്‍സലിങ്ങിന് അനുമതി നല്‍കി. മുന്നാക്ക സംവരണത്തില്‍ വിശദമായ വാദം പിന്നീടു കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.

പരിധി 8 ലക്ഷം തന്നെ

മുന്നാക്ക സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധി എട്ട് ലക്ഷം രൂപയായി തുടരുമെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. അഖിലേന്ത്യാ മെഡിക്കല്‍ ക്വാട്ട പ്രവേശനത്തിനുള്ള 10% മുന്നാക്ക സംവരണം, 27% ഒബിസി സംവരണം എന്നിവ സംബന്ധിച്ച കേസാണ് കോടതി പരിഗണിച്ചത്.

സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും മുന്നാക്ക സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധി 8 ലക്ഷം രൂപയായി തുടരുമെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. മെഡിക്കല്‍ കോഴ്സുകള്‍ക്ക് പ്രവേശനം ലഭിക്കുന്നതിനും നിലവിലെ നിബന്ധനകള്‍ തന്നെയായിരിക്കും രാജ്യം മുഴുവനും ബാധകമെന്നും കേന്ദ്രം അറിയിച്ചു. മുന്‍ ധനസെക്രട്ടറി അജയ്ഭൂഷണ്‍ പാണ്ഡെ അധ്യക്ഷനായ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാണിത്.

മാറ്റം അടുത്ത വര്‍ഷം പരിഗണിക്കും

അപേക്ഷ നല്‍കുന്നതിന്റെ തൊട്ടു മുന്‍പത്തെ സാമ്പത്തികവര്‍ഷത്തെ വരുമാനമാണു മുന്നാക്ക വിഭാഗത്തിന് കണക്കാക്കുന്നത്. മുന്നാക്ക സംവരണത്തിനുള്ള 8 ലക്ഷം പരിധി ഒബിസി വിഭാഗത്തിലെ മേല്‍ത്തട്ട് പരിധിയായ 8 ലക്ഷത്തെക്കാള്‍ കര്‍ശനമാണെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു. മുന്നാക്ക സംവരണത്തിനുള്ള വരുമാനപരിധി 8 ലക്ഷമായി നിശ്ചയിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നു കോടതി ചോദിച്ചിരുന്നു. എട്ട് ലക്ഷം രൂപയെന്നതു ന്യായമാണെന്നു സത്യവാങ്മൂലത്തില്‍ സാമൂഹികനീതി വകുപ്പു സെക്രട്ടറി ആര്‍ സുബ്രഹ്‌മണ്യന്‍ കോടതിയെ അറിയിച്ചു. നിബന്ധനകള്‍ മാറ്റുന്നത് അടുത്ത വര്‍ഷം പരിഗണിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!