സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം അധ്യയന വര്‍ഷത്തിനും വീടുകളില്‍ തന്നെ തുടക്കം. ഓണ്‍ലൈന്‍/ഡിജിറ്റല്‍ സംവിധാനങ്ങളില്‍ ചൊവ്വാഴ്ചയാണ് പഠനാരംഭം. സ്കൂളുകള്‍ക്ക് പുറമെ കോളേജുകളും ഓണ്‍ലൈനായി നാളെത്തന്നെ തുറക്കും.നാളെ വെര്‍ച്വല്‍ പ്രവേശനോത്സവത്തിലൂടെയാണ് നവാഗതരെ സ്വാഗതം ചെയ്യുക.
സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ രാവിലെ 8.30ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.എട്ട് വിദ്യാര്‍ഥികളും ഏതാനും അധ്യാപകരും ഉള്‍പ്പെടെ 30 പേര് മാത്രമാകും പങ്കെടുക്കുക. പത്തരക്ക് അംഗന്‍വാടി കുട്ടികള്‍ക്കുള്ള പുതിയ ‘കിളിക്കൊഞ്ചല്‍’ ക്ലാസുകള്‍ ആരംഭിക്കും. ചലച്ചിത്രതാരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, മഞ്ജുവാര്യര്‍ തുടങ്ങിയവര്‍ വിക്ടേഴ്സിലൂടെ ആശംസകള്‍ നേരും. ഡോ. മുരളി തുമ്മാരുകുടി, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, യൂനിസെഫ് സോഷ്യല്‍ പോളിസി അഡ്വൈസര്‍ ഡോ. പീയൂഷ് ആന്റണി തുടങ്ങിയവര്‍ കുട്ടികളുമായി സംവദിക്കും. സ്കൂള്‍തലത്തിലും വെര്‍ച്വല്‍ പ്രവേശനോത്സവമൊരുക്കാം.
കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസില്‍ ചേര്‍ന്ന 3,39,395 വിദ്യാര്‍ഥികള്‍ ഒരു ദിവസം പോലും സ്കൂളില്‍ പോകാതെയാണ് ഈ വര്‍ഷം രണ്ടാം ക്ലാസിലെത്തുന്നത്. പ്ലസ് വണ്‍ പ്രവേശനം നേടിയ നാലു ലക്ഷത്തിലധികം വിദ്യാര്‍ഥികളും വിദ്യാലയങ്ങളില്‍ പോകാത്തവരാണ്. ഇതിനു പുറമെ സ്കൂള്‍ മാറ്റം വാങ്ങിയ കുട്ടികള്‍ക്കും പുതിയ ക്ലാസുകളിലെത്താന്‍ കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂളുകളിലായി ഏകദേശം 39 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പുതിയ അധ്യയന വര്‍ഷത്തിലേക്ക് കടക്കുന്നത്.