സംസ്ഥാനത്ത് അനുമതി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങള്‍ക്കെതിരെ ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങള്‍ക്കും പ്രാര്‍ഥനാ കേന്ദ്രങ്ങള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും നടപടിയെടുക്കണമെന്നും വാണിജ്യ കെട്ടിടങ്ങള്‍ ആരാധനാലയങ്ങളാക്കി മാറ്റുന്നതു തടഞ്ഞുകൊണ്ട് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും ഉത്തരവിലുണ്ട്.
മലപ്പുറത്തുള്ള ഒരു മതവിഭാഗത്തിന്റെ സാംസ്‌കാരിക സംഘം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. മലപ്പുറം ജില്ലയില്‍ ഇവര്‍ നിര്‍മിച്ച വാണിജ്യ കെട്ടിടം ആരാധനാലയമാക്കി മാറ്റുന്നതിന് അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ആരാധനാലയമാക്കി മാറ്റാന്‍ അനുമതി തേടിയ കെട്ടിടം ഇരിക്കുന്ന പ്രദേശത്ത് അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ സമാനമായ ആറ് ആരാധനാലയങ്ങളുണ്ട്.