ജില്ലയിലെ കര്‍ഷകര്‍ക്ക് ആശ്വാസം; കൊയ്ത്ത് യന്ത്രങ്ങളെത്തി
കര്‍ഷകര്‍ക്ക് ആശ്വാസമായി കൂടുതല്‍ കൊയ്ത്ത് യന്ത്രങ്ങള്‍ ജില്ലയിലെത്തി. ചെളിയുള്ള പാടങ്ങളിലും കൊയ്യാന്‍ സാധിക്കുന്ന ചെയിന്‍ മിഷീനുകളാണ് കൂടുതലായി എത്തിയത്. മിഷീനുകള്‍ എത്തിയതോടെ പാടശേഖരങ്ങള്‍ സജീവമായിക്കഴിഞ്ഞു. കാലാവസ്ഥാവ്യതിയാനവും, രോഗബാധയും, ഉല്‍പ്പാദന കുറവും, കൊയ്ത്ത് യന്ത്രങ്ങളുടെ ലഭ്യതക്കുറവും കാരണം നെല്‍കര്‍ഷകര്‍ കടുത്ത നിരാശയിലാക്കിയിരുന്നു. തോരാത്ത മഴ മൂലം പല വയലുകളിലും നെല്‍ക്കതിരുകള്‍ വീണ് അടിഞ്ഞ അവസ്ഥയായിരുന്നു.
കൊയ്യാന്‍ ബുദ്ധിമുട്ടും സമയനഷ്ടവും ഉള്ള ഇത്തരം പാടങ്ങളില്‍ കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് കൊയ്‌തെടുക്കാനാണ് ലാഭം എന്നിരിക്കെ, കൊയ്ത്ത് യന്ത്രങ്ങള്‍ കിട്ടാതായതോടെ കടുത്ത ആശങ്കയിലായിരുന്നു കര്‍ഷകര്‍. പിന്നീട് തൊട്ടടുത്ത ദിവസങ്ങളില്‍ കൂടുതല്‍ കൊയ്ത്ത് യന്ത്രങ്ങള്‍ ജില്ലയില്‍ എത്തിയതോടെ നെല്‍കര്‍ഷകര്‍ക്ക് ആശ്വാസകരമായി.
മണിക്കൂറിന് 3000 രൂപയോളമാണ് കൊയ്ത്ത് യന്ത്രങ്ങളുടെ വാടക. തമിഴ്‌നാട്ടില്‍ നിന്നുമാണ് കൊയ്ത്ത് മെതി യന്ത്രങ്ങള്‍ കൂടുതലായി ജില്ലയിലേക്കെത്തുന്നത്. ചെളിനിറഞ്ഞ പാഠങ്ങളില്‍ കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് കൊയ്‌തെടുക്കുമ്പോള്‍ വൈക്കോല്‍ ചെളിയില്‍ താണുപോയി വൈക്കോല്‍ നഷ്ടപ്പെടും എന്ന ഒരു പ്രശ്‌നം മാത്രമാണ് കര്‍ഷകര്‍ക്ക് ഉള്ളത്. സപ്ലൈകോ നല്ലരീതിയില്‍ നെല്ല് സംഭരണം നടത്തുന്നതോടെ നല്ല വിലയും കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്.