വാഹനീയം: 229 മോട്ടോര്‍വാഹന പരാതികള്‍ക്ക് പരിഹാരം

0

 

ജില്ലയില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ നടത്തിയ മോട്ടോര്‍ വാഹന പരാതി പരിഹാര അദാലത്ത് ‘വാഹനീയം 2022’ ലൂടെ 229 പരാതികള്‍ക്ക് പരിഹാരം. മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴിലുള്ള ഓഫീസുകളില്‍ തീര്‍പ്പാക്കാതെ കിടന്നിരുന്ന പരാതികളിലും പുതുതായി ലഭിച്ച അപേക്ഷകളിലും മന്ത്രി പരാതിക്കാരെ നേരില്‍കേട്ടു പരിഹാരം കണ്ടു. മന്ത്രിയുടെ പരിഗണനയ്ക്കു വന്ന ആകെ 277 കേസുകളില്‍ 229 ഉം തീര്‍പ്പാക്കി. 48 എണ്ണം മാത്രമാണ് കൂടുതല്‍ പരിശോധനകള്‍ക്കായി മാറ്റിയത്. ഇത് പരിശോധിച്ച് തീരുമാനമെടുക്കുന്നതിന് ആര്‍.ടി.ഒ യെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കല്‍പ്പറ്റ ജില്ലാ ഓഫീസില്‍ (കെ.എല്‍ 12) നിന്നുള്ള 230 ല്‍ 192 പരാതികളും മാനന്തവാടി സബ് ഓഫീസിലെ (കെ.എല്‍ 72) 26 ല്‍ 24 പരാതികളും സുല്‍ത്താന്‍ ബത്തേരി സബ് ഓഫീസിലെ (കെ.എല്‍ 73) 21 ല്‍ 13 പരാതികളും തീര്‍പ്പാക്കി.

പരാതികള്‍ ഉദ്യോഗസ്ഥരോടൊപ്പം മന്ത്രി നേരിട്ട് കാണുകയും തല്‍ക്ഷണം നടപടിയെടുക്കുകയും തീര്‍പ്പാക്കുകയും ചെയ്തു. രാവിലെ 11 മുതല്‍ നാല് മണിക്കൂറിലധികം സമയം മന്ത്രി പരാതിക്കാരെ കാണാന്‍ സമയം ചെലവഴിച്ചു. മേല്‍വിലാസത്തില്‍ അയച്ചിട്ട് വിവിധ കാരണങ്ങളാല്‍ കൈപ്പറ്റാതെ തിരിച്ചുവന്ന ആര്‍സി ബുക്കും ലൈസന്‍സുകളുമടങ്ങുന്ന രേഖകള്‍ ഉടമസ്ഥര്‍ക്ക് മന്ത്രി കൈമാറി. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും റോഡ് സേഫ്റ്റി വളണ്ടിയര്‍മാരും ചേര്‍ന്ന് ഓട്ടോ ഡ്രൈവറായ ബിന്ദുവിന് നിര്‍മ്മിച്ച നല്‍കിയ വീടിന്റെ താക്കോല്‍ദാനം മന്ത്രി നിര്‍വഹിച്ചു. റോഡ് സേഫ്റ്റി വളണ്ടിയര്‍മാര്‍ക്കും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്കും അദ്ദേഹം സ്നേഹോപഹാരങ്ങള്‍ സമ്മാനിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഗതാഗത വകുപ്പു മന്ത്രി നേരിട്ട് നടത്തുന്ന വാഹനീയം അദാലത്തില്‍ ഇതുവരെ അയ്യായിരത്തിലധികം വാഹന സംബന്ധമായ പരാതികള്‍ക്കാണ് തീര്‍പ്പുണ്ടായത്.

കളക്ട്രേറ്റ് എ.പി.ജെ ഹാളില്‍ നടന്ന അദാലത്തില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ കെയംതൊടി മുജീബ്, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്ത്, അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍ പി.എസ്, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആര്‍. രജീവ്, ആര്‍.ടി.ഒ ഇ. മോഹന്‍ദാസ്, എന്‍ഫോഴ്സ്മെന്റ് അനൂപ് വര്‍ക്കി തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!