ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മറ്റു കെട്ടിടങ്ങളുണ്ടെങ്കില്‍ ക്യാമ്പിന്റെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കാത്ത രീതിയില്‍ ക്ലാസുകള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ എ.ഗീത അറിയിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു ക്ലാസുകള്‍ക്ക് മുന്‍ഗണന നല്‍കണം. വിദ്യാഭ്യാസ സ്ഥപനങ്ങളില്‍ തുടര്‍ച്ചയായി ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത് പൊതുപരീക്ഷാ വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം. ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ക്യാമ്പുകള്‍ അവസാനിക്കുന്ന തീയതി വരെ അവധി പ്രഖ്യാപിച്ചിരുന്നതാണ്.
ക്യാമ്പുകള്‍ക്കായി കണ്ടെത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കനുസരിച്ച് എല്‍.പി, യു.പി ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.