ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

പാരാ ലീഗല്‍ വോളന്റീയര്‍ നിയമനം

വൈത്തിരി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയില്‍ പാരാ ലീഗല്‍ വോളന്റീയര്‍ നിയമനത്തിനായി പത്താം ക്ലാസ്സ് പാസായ സേവന സന്നദ്ധതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സര്‍വീസില്‍ നിന്നും വിരമിച്ച അധ്യാപകര്‍, ജീവനക്കാര്‍, ഡോക്ടര്‍മാര്‍, നിയമ വിദ്യാര്‍ത്ഥികള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലമില്ലാതെ സേവന രംഗത്തുള്ള സന്നദ്ധ സംഘടനകളിലെ അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണന. അപേക്ഷ ഫോറം കല്‍പ്പറ്റ ജില്ലാ കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഓഫീസില്‍ നിന്നും ഡിസംബര്‍ 27 മുതല്‍ ലഭിക്കുന്നതാണ്. അപേക്ഷകള്‍, ചെയര്‍മാന്‍, വൈത്തിരി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി, ജില്ലാ കോടതി സമുച്ചയം , കല്‍പ്പറ്റ നോര്‍ത്ത് എന്ന വിലാസത്തില്‍ ജനുവരി 5 നകം അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍. 8281010262

സ്‌പോട്ട് അഡ്മിഷന്‍

കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റിന്റെ (സി.എഫ്.ആര്‍.ഡി) കീഴില്‍ കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന എം.എസ്.സി ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സില്‍ ഒഴിവുള്ള ഒരു മാനേജ്‌മെന്റ് സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഇന്ന് (വെള്ളി) രാവിലെ 10.30 നാണ് സ്‌പോട്ട് അഡ്മിഷന്‍ വഴി പ്രവേശനം. ഫോണ്‍: 0468 2240047, 9846585609.

ഗതാഗത നിയന്ത്രണം

റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി കമ്പളക്കാട് മുതല്‍ വിളമ്പ്കണ്ടം വരെയുളള ഭാഗങ്ങളില്‍  ഡിസംബര്‍ 27 മുതല്‍ ജനുവരി 4 വരെ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.

വിമുക്ത ഭടന്‍മാര്‍ വിവരങ്ങള്‍ നല്‍കണം

പാരച്ച്യുട്ട് റജിമെന്റില്‍ നിന്നും വിരമിച്ച വിമുക്ത ഭടന്‍മാരുടെയും ആശ്രിതരുടെയും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് പാരച്ച്യുട്ട് റജിമെന്റില്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും ലഭിക്കുന്ന നിശ്ചിതമാതൃകയിലുള്ള ഫോറം പൂരിപ്പിച്ച് നല്‍കേണ്ടതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

ഇന്‍സ്ട്രക്ടര്‍ നിയമനം

വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 1 ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ നിലവിലുള്ള രണ്ട് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട എഞ്ചിനീയറിംഗ് വിഷയത്തില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദം, തൊഴില്‍ പരിചയം എന്നിവയാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി അഞ്ചിന് രാവിലെ 11 ന് മുമ്പായി കോളേജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04935 271261.

വിദേശ ഭാഷാ പരിശീലന കോഴ്‌സ്

കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള  അസാപ് കേരള  പൊതുജനങ്ങള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി വിദേശ ഭാഷാ പരിശീലന കോഴ്‌സുകള്‍ നടത്തുന്നു. ജര്‍മന്‍, ഫ്രഞ്ച് , ജാപ്പനീസ് , സ്പാനിഷ് എന്നിവയുടെ പരിശീലനമാണ്  ആരംഭിക്കുന്നത്. ജര്‍മന്‍ , ഫ്രഞ്ച് , ജാപ്പനീസ് ഭാഷകള്‍ പഠിക്കാന്‍ നോര്‍ക്കയുമായി ചേര്‍ന്ന് സബ്സിഡിയും നല്‍കുന്നുണ്ട്.  2020 , 2021 വര്‍ഷങ്ങളില്‍ ഗണിതം ഒരു വിഷയമായി എടുത്ത് അറുപത് ശതമാനം മാര്‍ക്കോടു കൂടി പ്ലസ് ടു പാസായവര്‍ക്ക് പ്രമുഖ ഐ. ടി  കമ്പനിയില്‍ ഏര്‍ലി കരിയര്‍ പ്രോഗ്രാം വഴി ജോലി നേടാനും തുടര്‍പഠനം നടത്താനുമുള്ള അവസരവും അസാപ് ഒരുക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8921296469 / 9495999667 / 9447425521 എന്നീ നമ്പറുകളില്‍  വിളിക്കുകയോ www.asapkerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.

ലോ ഓഫീസര്‍ നിയമനം

മലബാര്‍ ദേവസ്വം ബോര്‍ഡില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ലോ ഓഫീസറെ നിയമിക്കുന്നു. അഭിഭാഷകവൃത്തിയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും, നിലവില്‍ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നതും, 1951 ലെ മദ്രാസ് ഹിന്ദുമത ധര്‍മ്മസ്ഥാപന നിയമത്തിലും സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വ്വീസ് കാര്യത്തിലും പ്രാവീണ്യമുള്ളവരുമായ ഹിന്ദുമതത്തില്‍പ്പെട്ട നിയമ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചവര്‍ക്ക് മുന്‍ഗണനയുണ്ട്. താത്പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ സഹിതം കമ്മീഷണര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ്, ഹൗസ് ഹെഡ് കോംപ്ലക്‌സ്, എരഞ്ഞിപ്പാലം, കോഴിക്കോട് എന്ന വിലാസത്തില്‍ ജനുവരി 7 ന് വൈകീട്ട് അഞ്ചിന് മുമ്പായി തപാലിലോ, നേരിട്ടോ ലഭ്യമാക്കണം. ലോ ഓഫീസര്‍ (കരാര്‍) നിയമനത്തിനുള്ള അപേക്ഷ എന്ന് കവറിന് പുറത്ത് രേഖപ്പെടുത്തണം. ഫോണ്‍: 0495 2367735.

 

Leave A Reply

Your email address will not be published.

error: Content is protected !!