കുപ്പിവെള്ളത്തിന് വില കുറയില്ല; സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി തള്ളി

0

കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി നിശ്ചയിച്ച ഉത്തരവ് സ്റ്റേ ചെയ്ത സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. എതിര്‍വാദങ്ങളുമായി സംസ്ഥാന സര്‍ക്കാരിന് സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന് വ്യക്തമാക്കിയാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. വെള്ളത്തിനു വിലയിടാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ്, സിംഗിള്‍ ബെഞ്ച് വില 13 രൂപയായി നിശ്ചയിച്ച ഉത്തരവ് റദ്ദാക്കിയത്.

അവശ്യസാധന വില നിയന്ത്രണ നിയമപരിധിയില്‍ ഉള്‍പ്പെടുത്തിയാണ്, കുപ്പിവെള്ളത്തിനു വില നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. അതിനാല്‍ അവശ്യസാധനങ്ങളുടെ പട്ടികയിലുള്ള കുപ്പിവെള്ളത്തിന് വിലനിയന്ത്രിക്കാന്‍ കഴിയുമെന്നായിരുന്നു സര്‍ക്കാര്‍ വാദം. കുപ്പിവെള്ളത്തിന്റെ വില പതിമൂന്ന് രൂപയായി നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്തു കുപ്പിവെള്ള ഉത്പാദകരുടെ സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി. ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് പാക്ക് ചെയ്ത വരുന്ന ഭക്ഷ്യ വസ്തുക്കളുടെ വിലനിര്‍ണയം നടത്തേണ്ടത് കേന്ദ്ര സര്‍ക്കാരെന്നായിരുന്നു നേരത്തെ ഹര്‍ജിക്കാര്‍ വാദിച്ചത്.

വെള്ളത്തിനു വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിഷയത്തില്‍ കേന്ദ്രത്തിന്റെ നിലപാടു തേടിയിരുന്നു. എന്നാല്‍ കുപ്പിവെള്ളം ഈ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും വില നിയന്ത്രണത്തിന് തടസ്സമില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീലില്‍ പറയുന്നത്. തോന്നുന്ന വിലയ്ക്ക് കുപ്പിവെള്ളം വില്‍ക്കുന്നതിനെതിരെ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നേരത്തെ കുപ്പിവെള്ളത്തിന് 12 രൂപ ആക്കാന്‍ കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ ശ്രമിച്ചെങ്കിലും നടപ്പിലായിരുന്നില്ല.

Leave A Reply

Your email address will not be published.

error: Content is protected !!