കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് ജില്ലയില്‍ സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണവും മരുന്നും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. കളക്ട്രേറ്റില്‍ ചേര്‍ന്ന കാലവര്‍ഷ ദുതിതാശ്വാസപ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി കോളനികള്‍, തോട്ടം ലയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലെത്തുന്നവര്‍ക്ക് പ്രത്യേക കരുതല്‍ നല്‍കണം. ആരോഗ്യപരിരക്ഷ, ഭക്ഷ്യ ലഭ്യത, ശുദ്ധജല ലഭ്യത എന്നിവ ഉറപ്പാക്കണം.
വയനാട് ജില്ലയില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസം (ബുധന്‍, വ്യാഴം, വെള്ളി) ഓറഞ്ച് ജാഗ്രതയാണ്. റെഡ് അലര്‍ട്ട് പിന്‍വലിച്ചത് ആശ്വാസകരമെങ്കിലും ജാഗ്രത തുടരണം. ദുരന്ത സാധ്യത മുന്നറിയിപ്പുള്ള മേഖലകളില്‍ നിന്നും കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ വൈകിപ്പിക്കരുത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിവിധ വകുപ്പുകളുടെ കൂട്ടായുള്ള പ്രവര്‍ത്തനവും ഏകോപനവും അനിവാര്യമാണ്. ജില്ലാതല മേധാവികള്‍ ആവശ്യാനുസരണം താഴെത്തട്ടിലേക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കണം. ജില്ലയില്‍ നിയന്ത്രണാതീതമായ പ്രശ്‌നങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രതികൂല സാഹചര്യങ്ങള്‍ നേരിടുന്നതിന് എല്ലാതരത്തിലുമുള്ള സജ്ജീകരണങ്ങളും ഒരുക്കിയിരിക്കണം. റോഡുകളില്‍ ഗതാഗത തടസ്സങ്ങള്‍ ഉണ്ടാകുന്ന പക്ഷം ഇവ കഴിയുന്നതും വേഗം നീക്കി ഗതാഗത യോഗ്യമാക്കണം. പാതയോരത്തും വീടുകള്‍ക്കും അപകടരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റല്‍ തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേക ജാഗ്രത വേണമെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.
ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത പന്നിപ്പനിയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളും നിലവിലെ സ്ഥിഗതികളും മന്ത്രി വിലയിരുത്തി. ജില്ലാ കളക്ടര്‍ എ. ഗീത, ജില്ലാ പൊലീസ് മേധാവി ആര്‍. ആനന്ദ്, എ.ഡി.എം എന്‍.ഐ. ഷാജു, സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ഡെപ്യൂട്ടി കളക്ടര്‍മാരായ വി. അബൂബക്കര്‍, കെ. അജീഷ്, കെ.ദേവകി, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
എട്ട് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു
കാലവര്‍ഷം തുടങ്ങിയ ശേഷം ജില്ലയില്‍ ഇതുവരെയായി 8 വീടുകള്‍ പൂര്‍ണമായും 224 വീടുകള്‍ ഭാഗികമായും തകര്‍ന്നു. തകര്‍ന്ന വീടുകള്‍ക്ക് ആകെ 2.44 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആകെ 295.71 ഹെക്ടര്‍ കൃഷി നാശം സംഭവിച്ചതായാണ് ഇതുവരെയുള്ള കണക്ക്. 4216 പേര്‍ക്കായി 35,84,05,000 രൂപയുടെ നഷ്ടമാണ് ഈയിനത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. കെ.എസ്.ഇ.ബിക്ക് 40,11,500 രൂപയുടെ നഷ്ടമാണുണ്ടായത്.
സ്വീകരിച്ച നടപടികള്‍
ജില്ലാ-താലൂക്ക് കേന്ദ്രങ്ങളില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന മഴക്കാല കണ്‍ട്രോള്‍ റുമുകള്‍ പ്രവര്‍ത്തനക്ഷമമാണ്. ക്രമീകരണങ്ങള്‍ ഉറപ്പ് വരുത്തുന്നതിനായി താലൂക്ക്തലത്തില്‍ ചാര്‍ജ്ജ് ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഇത് കൂടാതെ പൊലീസും തദ്ദേശ സ്ഥാപനങ്ങളും കൃഷി വകുപ്പും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.
ജില്ലയില്‍ ദുരന്ത സാധ്യത മേഖലയില്‍ താമസിക്കുന്ന കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 13 ദുരിതാശ്വാസ ക്യാമ്പുകളിലായി 148 കുടുംബങ്ങളിലെ 558 പേരെയാണ് ചൊവ്വാഴ്ച രാത്രി വരെയായി മാറ്റിപ്പാര്‍പ്പിച്ചത്. വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളില്‍ 6 വീതവും മാനന്തവാടിയില്‍ ഒന്നും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ജില്ലയില്‍ യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കം ചെയ്യുന്നതിനും ക്വാറി പ്രവര്‍ത്തിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു.
ജില്ലാതലത്തിലും താലൂക്ക് തലത്തിലും ഇന്‍സിഡന്റ് റസ്‌പോണ്‍സ് ടീം (ഐ.ആര്‍.എസ്) സജ്ജമാക്കിയിട്ടുണ്ട്. ദുരന്ത സാഹചര്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി തദ്ദേശസ്വയംഭരണതലത്തില്‍ ദുരന്ത പ്രതികരണ സേന രൂപീകരിച്ചിട്ടുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേന (എന്‍.ഡി.ആര്‍.എഫ്.) യുടെ 21 അംഗങ്ങള്‍ ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നു. 10 പേരടങ്ങുന്ന സംഘത്തെ സുല്‍ത്താന്‍ ബത്തേരി താലൂക്കിലും നിയോഗിച്ചിട്ടുണ്ട്.