സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ഏതെങ്കിലും തരത്തിലുളള പ്രത്യേകമായ യൂണിഫോം കോഡ് അടിച്ചേല്‍പ്പിക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് വിശദീകരിച്ച് മന്ത്രി വി.ശിവന്‍കുട്ടി. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിന്റെ കാര്യത്തില്‍ സര്‍ക്കാരിനു നിര്‍ബന്ധബുദ്ധി ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണം തുടരുമെന്നും മന്ത്രി അറിയിച്ചു. കോവിഡ് കാലത്തെ പ്രത്യേക സാഹചര്യത്തില്‍ നിയന്ത്രണം നീക്കിയിരുന്നെങ്കിലും, ഇനിമുതല്‍ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഹെഡ്മാസ്റ്ററിനു പകരം വൈസ് പ്രിന്‍സിപ്പല്‍ വരുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
പൊതുവെ സ്വീകാര്യമായതും കുട്ടികള്‍ക്ക് സൗകര്യപൂര്‍വം ധരിക്കാവുന്നതുമായ യൂണിഫോം എന്നത് പൊതുസമൂഹത്തില്‍ അംഗീകരിക്കപ്പെട്ട കാര്യമാണ്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുകള്‍ ചില സ്‌കൂളുകളില്‍ സ്‌കൂള്‍ അധികാരികള്‍ തന്നെ സ്വമേധയാ നടപ്പിലാക്കുകയും പൊതുസമൂഹവും മാധ്യമങ്ങളും അതിനെ സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്. അത്തരം തീരുമാനം നടപ്പാക്കിയ സ്‌കൂളുകളില്‍ കുട്ടികള്‍ക്കോ, രക്ഷിതാക്കള്‍ക്കോ മറ്റു പരാതികള്‍ ഒന്നും തന്നെയില്ല എന്നാണ് മനസ്സിലാകുന്നതെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളുകളില്‍ മൊബൈല്‍ വേണ്ട
സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കണം. അമിതമായ ഫോണ്‍ ഉപയോഗം അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണം. സ്‌കൂള്‍ ക്യാംപസിലും ക്ലാസ്സ് റൂമിലും കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും സ്‌കൂളിലേക്കു വരുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്നും വളരെ നേരത്തെ തന്നെ സര്‍ക്കുലര്‍ നിലവിലുണ്ട്.
എന്നാല്‍, കോവിഡ് കാലഘട്ടത്തില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാതിരുന്നപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍, അധ്യാപകര്‍ നേരിട്ടു നല്‍കുന്ന വെര്‍ച്വല്‍ ക്ലാസ്സുകള്‍ തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ കുട്ടികള്‍ക്ക് അധ്യയനം നടത്തേണ്ടി വന്നു. ഈ സാഹചര്യത്തില്‍ മൊബൈല്‍ ഫോണുകളുടെ ഉപയോഗം ക്ലാസ്സുകളുടെ വിനിമയത്തിനും അധ്യാപകരുമായുള്ള ആശയവിനിമയത്തിനും ഒഴിവാക്കാനാകാത്ത സാഹചര്യം നിലവിലുണ്ടായിരുന്നു. അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഒരുപോലെ ഇത്തരത്തില്‍ പഠന വിനിമയ പ്രക്രിയയുടെ ഭാഗമായി മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നു. ഒഴിവാക്കാനാകാത്ത ഒരു സാഹചര്യം നിലവിലുണ്ടായിരുന്നതിനാലാണ് മൊബൈല്‍ ഫോണുകള്‍ ഇത്തരത്തില്‍ കുട്ടികള്‍ വ്യാപകമായി ഉപയോഗിക്കേണ്ടി വന്നത്.
കുട്ടികള്‍ നേരിട്ട് സ്‌കൂളില്‍ വന്ന് പഠനം നടത്തുന്ന സാഹചര്യം നിലവില്‍ വന്നതിനാലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പഠനം നടത്തേണ്ട ആവശ്യം ഒഴിവായതിനാലും സ്‌കൂള്‍ ക്യാംപസിനകത്തും ക്ലാസ് റൂമിനകത്തും കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് മന്ത്രി പറഞ്ഞു.
ന്മ പാഠപുസ്തകങ്ങളില്‍ അക്ഷരമാല
2022-23 അദ്ധ്യയനവര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകുന്ന മലയാള പാഠപുസ്തകങ്ങളില്‍ അക്ഷരമാല നല്‍കും. ഒന്നാം ക്ലാസിലെ ഭാഗം മൂന്നിലും രണ്ടാം ക്ലാസിലെ ഭാഗം രണ്ടിലും അക്ഷരമാല ഉള്‍പ്പെടുത്തും. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (ഔദ്യോഗികഭാഷ) വകുപ്പ് അംഗീകരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശക സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചുള്ള അക്ഷരമാലയാണ് ഉള്‍പ്പെടുത്തുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ – ഒക്ടോബര്‍ മാസങ്ങളില്‍ അക്ഷരമാല ഉള്‍പ്പെടുത്തിയ പുസ്തങ്ങള്‍ വിതരണം ചെയ്യും.
സംസ്ഥാന സ്‌കൂള്‍ കലോത്സവം
സംസ്ഥാന സ്‌കൂള്‍ കലോത്സവം 2023 ജനുവരി 3, 4, 5, 6, 7 തീയതികളില്‍ കോഴിക്കോട്ട് നടക്കും. സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവം 2022 ഒക്ടോബറില്‍ കോട്ടയത്തും സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോല്‍സവം 2022 നവംബറില്‍ എറണാകുളത്തും സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് 2022 നവംബറില്‍ തിരുവനന്തപുരത്തും നടക്കും.