കല്‍പ്പറ്റയില്‍ മാലിന്യസംസ്‌കരണത്തിന് അത്യാധുനിക സംവിധാനങ്ങളോടെ സംസ്‌കരണ പ്ലാന്റ് ഒരുങ്ങുന്നു.ബയോ പാര്‍ക്ക് എന്ന പേരില്‍ നിര്‍മ്മിക്കുന്ന പ്ലാന്റിന്റെ 90 ശതമാനവും നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി.ഇതോടെ സമ്പൂര്‍ണ്ണ മാലിന്യസംസ്‌കരണത്തില്‍ സംസ്ഥാനത്തെ മൂന്നാമത്തെ നഗരസഭയായും വയനാട് ജില്ലയിലെ ആദ്യത്തെതായും കല്‍പ്പറ്റ മുനിസിപ്പാലിറ്റി മാറും.നഗരസഭയുടെ കൈവശമുള്ള വെള്ളാരം കുന്നിലെ 9 ഏക്കര്‍ സ്ഥലത്താണ് ആധുനിക രീതിയിലുള്ള പ്ലാന്റ് സ്ഥാപിച്ചത്.
കേരളത്തിലെ ഏറ്റവും വലിയ മാലിന്യസംസ്‌കരണ പ്ലാന്റാണ് കല്‍പ്പറ്റ വെള്ളാരംകുന്നില്‍ സ്ഥാപിക്കുന്നത്.
1 കോടി 10 ലക്ഷം രൂപയാണ് ഇതിനായി ചെലവ് വരുന്നത്. സംസ്‌കരണ പ്ലാന്റിനുള്ള കെട്ടിട നിര്‍മ്മാണത്തിനായി 88.75 ലക്ഷം രൂപയും യന്ത്രോപകരണങ്ങള്‍ക്കായി 20 ലക്ഷം രൂപയുമാണ് ചെലവഴിക്കുന്നത്.
വീടുകളില്‍ നിന്ന് നേരിട്ട് ഖര ജൈവ മാലിന്യങ്ങള്‍ ഹരിത സേനാംഗങ്ങള്‍ ശേഖരിക്കും. ഡോര്‍ ടു ഡോര്‍ മാലിന്യശേഖരണം ശക്തിപ്പെടുത്തും. ഒരു വാര്‍ഡില്‍ രണ്ട് പേര്‍ വീതം എന്ന കണക്കില്‍ ഹരിത കര്‍മ്മസേനയുടെ അംഗ സംഖ്യ ഉയര്‍ത്തും. കൂടാതെ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലുള്ള വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി ശക്തിപ്പെടുത്തും. വീടുകളില്‍ നിന്നും മറ്റും പരമാവധി വേഗത്തില്‍ പരാതിക്കിടയില്ലാതെ മാലിന്യങ്ങള്‍ ശേഖരിച്ചെന്ന് ഉറപ്പാക്കേണ്ടത് വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തിലുള്ള സാനിറ്റേഷന്‍ കമ്മിറ്റിയുടെ ചുമതലയായിരിക്കും.
ഹരിത ബയോപാര്‍ക്കിലുള്ള മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്ററും, വിന്‍ഡ്രോ കമ്പോസ്റ്റിംഗ് യൂണിറ്റും സംയുക്തമായി പ്രവര്‍ത്തിക്കുന്നതോടെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരമാവുമെന്നും, സമ്പൂര്‍ണ്ണ ശുചിത്വ മുനിസിപ്പാലിറ്റിയായി കല്‍പ്പറ്റ മാറുമെന്നും നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് പറഞ്ഞു.