കേരളത്തില്‍ കണ്ടെത്തിയ മങ്കിപോക്സ് വകഭേദം വലിയ വ്യാപനശേഷിയുള്ളതല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രോഗവ്യാപനം ഇല്ലാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്നും മങ്കിപോക്സ് ലക്ഷണങ്ങളോടെ തൃശൂരില്‍ ഇരുപത്തിരണ്ടുകാരന്‍ മരിച്ച സംഭവത്തില്‍ വിശദമായ പരിശോധന നടത്തുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.
വ്യാപനശേഷി കുറവാണെങ്കിലും പകര്‍ച്ചവ്യാധിയായതിനാല്‍ ഒരു രോഗം പകരാതിരിക്കാന്‍ സ്വീകരിക്കേണ്ട എല്ലാ പ്രതിരോധമാര്‍ഗങ്ങളും പാലിക്കേണ്ടതാണ്. മങ്കിപോക്സിന്റെ മരണനിരക്കും താരതമ്യേന കുറവാണ്. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന ഇരുപത്തിരണ്ടുകാരന് എന്തുകൊണ്ട് മരണം സംഭവിച്ചു എന്നതില്‍ വിശദമായ പരിശോധന നടത്തും. എന്തുകൊണ്ടാണ് ഇത്രദിവസം ആശുപത്രിയില്‍ എത്താതിരുന്നത് എന്നതും പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഈ മാസം ഇരുപത്തിയൊന്നിന് യുഎഇ യില്‍ നിന്നെത്തിയ യുവാവിനെ മങ്കിപോക്സ് ലക്ഷണങ്ങളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ നിരീക്ഷണത്തിലാണ്.