മരുന്നുവില കുറയും; കമ്പനികളുമായി അന്തിമചര്‍ച്ച നാളെ
അര്‍ബുദം , പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകളുടെ വില ഗണ്യമായി കുറയുമെന്ന് പ്രതീക്ഷ. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷ വേളയില്‍ പ്രഖ്യാപനം നടത്താനുള്ള സാധ്യതയാണു കേന്ദ്ര സര്‍ക്കാര്‍ തേടുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ മരുന്നുകമ്പനികളുമായി നാളെ അവസാനവട്ട ചര്‍ച്ച നടത്തും. വെള്ളിയാഴ്ച നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയാണിത്. സര്‍ക്കാര്‍ നിര്‍ദേശം കമ്പനികള്‍ അതേപടി അംഗീകരിച്ചാല്‍ വില 70% വരെ കുറയും. ‘വിലനിയന്ത്രണ നടപടി നേരത്തേതന്നെ പരിഗണനയിലുണ്ട്. സ്വാതന്ത്ര്യദിനത്തില്‍ പ്രഖ്യാപിക്കുമോയെന്നതു മന്ത്രിസഭ തീരുമാനിക്കേണ്ട കാര്യമാണ്’ ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
മരുന്നുകമ്പനികള്‍ക്കു ലഭിക്കുന്ന ലാഭം ന്യായമെന്നും അതേസമയം അമിതമല്ലെന്നും ഉറപ്പാക്കിയുള്ള വിലനിയന്ത്രണത്തിനാണു (ട്രേഡ് മാര്‍ജിന്‍ റാഷനലൈസേഷന്‍ടിഎംആര്‍) സര്‍ക്കാരിന്റെ ശ്രമം. കമ്പനികളുടെ നിലപാട് അനുകൂലമല്ലെങ്കില്‍, ദീര്‍ഘകാല ഉപയോഗത്തിനുള്ള മരുന്നുകള്‍ക്ക് ഈടാക്കാവുന്ന ലാഭത്തിനു സര്‍ക്കാര്‍ പരിധി നിശ്ചയിക്കാനും സാധ്യതയുണ്ട്. അവശ്യമരുന്നുകളുടെ കേന്ദ്രപട്ടിക പുതുക്കുന്നതും ആലോചനയിലുണ്ട്. അങ്ങനെ വന്നാല്‍ കൂടുതല്‍ മരുന്നുകള്‍ വിലനിയന്ത്രണപരിധിയില്‍ വരും.
കേന്ദ്ര പട്ടികയിലുള്ള അവശ്യമരുന്നുകള്‍ക്കു നിലവില്‍ വിലനിയന്ത്രണമുണ്ട്. പാരസെറ്റമോള്‍, അസിത്രോമൈസിന്‍ ഉള്‍പ്പെടെയുള്ള ആന്റിബയോട്ടിക്കുകള്‍, വിളര്‍ച്ച മാറ്റാനുള്ള മരുന്നുകള്‍, വൈറ്റമിന്‍ മിനറല്‍ ഗുളികകള്‍ തുടങ്ങി 355 മരുന്നുകളാണ് ഇതിലുള്ളത്. ഇവയിന്മേലുള്ള ലാഭത്തിനു മൊത്തവിപണിയില്‍ 8%, ചില്ലറ വിപണിയില്‍ 16% വീതം പരിധി നിശ്ചയിച്ചിട്ടുണ്ട്. ഈ പട്ടികയിലില്ലാത്ത മരുന്നുകളുടെ വില വര്‍ഷം 10% കൂട്ടാന്‍ കമ്പനികള്‍ക്ക് അനുവാദമുണ്ട്.