ക്ലീന്‍ കേരള ക്ലീന്‍ വയനാട് ഒഴിവായത് 1140.87 ടണ്‍ അജൈവ മാലിന്യങ്ങള്‍

0

 

അജൈവ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ലീന്‍ കേരള കമ്പനി ജനുവരി മുതല്‍ ജൂലൈ 15 വരെ ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് നീക്കം ചെയ്തത് 1140.87 ടണ്‍ അജൈവ മാലിന്യങ്ങള്‍.
ഹരിത കര്‍മ്മസേന വാര്‍ഡുകളില്‍ നിന്ന് ശേഖരിച്ച് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററുകളില്‍ സൂക്ഷിച്ചിരിക്കുന്ന മാലിന്യങ്ങളാണ് നീക്കം ചെയ്തത്. ഇതില്‍ തരം തിരിച്ച മാലിന്യങ്ങള്‍ 95.4 ടണ്‍, തരംതിരിക്കാത്ത മാലിന്യങ്ങള്‍ 994.27 ടണ്‍ ,ചില്ല് മാലിന്യങ്ങള്‍ 43 ടണ്‍, ഇലക്ട്രോണിക് മാലിന്യങ്ങള്‍ 8.2 ടണ്‍ എന്നിങ്ങനെ 4 തരം മാലിന്യങ്ങളാണ് ഉള്‍പ്പെടുന്നത്. അമ്പലവയല്‍ ഗ്രാമപഞ്ചായത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മാലിന്യങ്ങള്‍ നീക്കം ചെയ്തത്.

167 ടണ്‍ മാലിന്യം ഇവിടെ നിന്നും മാത്രം നീക്കം ചെയ്തു.
ഇക്കാലയളവില്‍ ജില്ലയില്‍ നിന്നും പാഴ് വസ്തു ശേഖരണം വഴി ഹരിത കര്‍മ്മ സേന 6,22,786 രൂപ നേടി. അജൈവ പാഴ് വസ്തുക്കളുടെ കൈമാറ്റത്തിന് സര്‍ക്കാര്‍ ഏജന്‍സിയായ ക്ലീന്‍ കേരള കമ്പനിയുമായി എല്ലാ തദ്ദേശസ്ഥാപനങ്ങളും കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. തദ്ദേശ സ്ഥാപനത്തിന്റെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററുകളില്‍ കലണ്ടര്‍ പ്രകാരം ശേഖരിക്കുന്ന അജൈവ, പാഴ് വസ്തുക്കള്‍ ക്ലീന്‍ കേരള കമ്പനിക്ക് തരം തിരിച്ച് നല്‍കുകയും കമ്പനി ഓരോ ഇനത്തിനും അതിനനുസരിച്ചുള്ള മാര്‍ക്കറ്റ് വില കൊടുക്കുകയും ചെയ്യുന്നു. തരം തിരിക്കാത്ത അജൈവ മാലിന്യങ്ങളും ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നുണ്ട്. ജില്ലയിലെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലും ഹരിത കര്‍മ്മ സേന യൂണിറ്റ് രൂപീകരിച്ച് ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നീ വകുപ്പുകളുമായി സഹകരിച്ചാണ് ക്ലീന്‍ കേരള കമ്പനിയുടെ അജൈവ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഏകോപിപ്പിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!