ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ജനങ്ങളില്‍നിന്ന് ഒന്നര വര്‍ഷമായി പിരിക്കുന്ന ഒരു ശതമാനം പ്രളയസെസ് ഓഗസ്റ്റ് ഒന്നു മുതല്‍ നിര്‍ത്തും. പ്രഖ്യാപനം നാളെ രാവിലെ 9 മണിക്ക് മന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്ന ബജറ്റില്‍ ഉണ്ടായേക്കും. ഇതോടെ സ്വര്‍ണം, വാഹനങ്ങള്‍ ,ഇലക്ട്രോണിക് സാധനങ്ങള്‍, വീട്ടു ഉപകരണങ്ങള്‍ തുടങ്ങിയവയുടെ വിലകുറയും.
പ്രളയത്തില്‍ നിന്നും കയറുന്നതിന് രണ്ടുവര്‍ഷം കൊണ്ട് 2000 കോടി രൂപ പിരിക്കാന്‍ ലക്ഷ്യമിട്ട് 2019 ഓഗസ്റ്റ് ഒന്ന് മുതലാണ് പ്രളയസെസ് നടപ്പാക്കിയത്.ജൂലൈയോടെ ആകെ സെസ് വരുമാനം 2000 കോടിയോളം എത്തും. 12% ,18% ,28% ശതമാനം ജിഎസ്ടി നിരക്കുള്ള എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും സെസ് ഉണ്ട്. 0% ,5% നിരക്കില്‍ ഉല്‍പന്നങ്ങളെയും ഒന്നരക്കോടി വരെ വിറ്റുവരവുള്ള അനുമാന നികുതിക്കാരായ വ്യാപാരികളെയും ഒഴിവാക്കി. 3% ജിഎസ്ടിയുള്ള സ്വര്‍ണത്തിനും വെള്ളിക്കും കാല്‍ശതമാനമാണ് സെസ്. പെട്രോള്‍, ഡീസല്‍, മദ്യം, ഭൂമി വില്‍പ്പന എന്നിവയ്ക്കും സെസ് ഇല്ല.
പ്രളയ സെസ് ഒഴിവാക്കുമ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന് 90 രൂപയോളം കുറയും. 5 ലക്ഷം രൂപ വിലയുള്ള കാറിന് 5000 രൂപ കുറയും. വാഹനങ്ങള്‍, ടിവി, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, മൈക്രോവേവ് അവന്‍, മിക്‌സി, വാട്ടര്‍ ഹീറ്റര്‍,ഫാന്‍ , മെത്ത, പൈപ്പ്,മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് ,കമ്പ്യൂട്ടര്‍,ക്യാമറ, മരുന്നുകള്‍ 1000 രൂപയ്ക്കുമേല്‍ ഉള്ള തുണിത്തരങ്ങള്‍, കണ്ണട ,ചെരിപ്പ്,ബാഗ്,സിമന്റ്, പെയിന്റ്,മാര്‍ബിള്‍,സെറാമിക് ടൈല്‍സ്,ഫര്‍ണിച്ചര്‍ വയറിങ് കേബിള്‍ ,സിനിമ ടിക്കറ്റ് തുടങ്ങിയവയ്ക്ക് ഒരു ശതമാനം വില കുറയും