പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

0

 

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് ഇവസാനിക്കാനിരിക്കെ സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ കോടതിയില്‍.സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം വരാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്.അതിനാല്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സമയപരിധി നീട്ടണമെന്നാണ് കുട്ടികളുടെ ആവശ്യം. സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിച്ചേക്കും.നേരത്തെ ഹര്‍ജി പരിഗണിച്ച കോടതി അപേക്ഷ നല്‍കാനുള്ള സമയപരിധി ഇന്ന് വരെ നീട്ടാനായിരുന്നു നിര്‍ദ്ദേശിച്ചത്.

കോടതി നിലപാട് അനുസരിച്ച് തീരുമാനമെടുക്കാമെന്നാണ് വിദ്യാഭ്യാസവകുപ്പ് വിശദീകരണം. പരീക്ഷാഫലം എന്നു പ്രസിദ്ധീകരിക്കുമെന്ന് അറിയിക്കാന്‍ സിബിഎസ്ഇ സാവകാശം തേടിയിരിക്കുകയാണ്.

അതേ സമയം അപേക്ഷ നല്‍കാനുള്ള സമയപരിധി അനന്തമായി നീട്ടിക്കൊണ്ട് പോകുന്നതിനോട് സംസ്ഥാന സര്‍ക്കാറിന് യോജിപ്പില്ല. അപേക്ഷ നല്‍കാനുള്ള തിയതി നീളുന്നതിനാല്‍ പ്രവേശന നടപടികളും നീളും. 27 മുതല്‍ അടുത്ത മാസം 11 വരെയായി അലോട്‌മെന്റ് നടത്തി, അടുത്ത മാസം 17നു ക്ലാസ് തുടങ്ങാനായിരുന്നു മുന്‍തീരുമാനം. 4.25 ലക്ഷം വിദ്യാര്‍ഥികളാണ് ഇതുവരെ അപേക്ഷിച്ചിരിക്കുന്നത്. സിബിഎസ്ഇ ഫലം വരുമ്പോള്‍ 30,000 അപേക്ഷകള്‍ കൂടി ലഭിക്കുമെന്നാണു വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടല്‍.

 

Leave A Reply

Your email address will not be published.

error: Content is protected !!