നൂറില്‍ 87 പേര്‍ക്കും ഇന്റര്‍നെറ്റ് കണക്ഷന്‍; കേരളത്തില്‍ ഇന്റര്‍നെറ്റ് വിപ്ലവം
കേരളത്തില്‍ ഓരോ നൂറുപേരിലും 87 പേര്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷനുണ്ടെന്നു ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ കണക്ക്. ദേശീയ തലത്തില്‍ ഇത് 60 ആണ്. ഓരോ 100 പേരിലും ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് കണക്ഷനുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം രണ്ടാം സ്ഥാനത്തായി. ഒന്നാമതു ഡല്‍ഹിയാണ്. ഡല്‍ഹിയില്‍ 100 പേര്‍ക്ക് 186 ഇന്റര്‍നെറ്റ് കണക്ഷനുണ്ടെന്നാണു കണക്ക്.ഗ്രാമീണമേഖലയില്‍ ഏറ്റവുമധികം ഇന്റര്‍നെറ്റ് സാന്ദ്രത കേരളത്തിലാണ്. മിക്ക സംസ്ഥാനങ്ങളിലും നഗരമേഖലകളില്‍ കണക്ഷനുകളുടെ എണ്ണം കൂടുമ്പോള്‍ കേരളത്തില്‍ തിരിച്ചാണ്. കേരളത്തിലെ നഗരമേഖലകളില്‍ ഓരോ 100 പേരില്‍ 64 പേര്‍ക്കാണ് ഇന്റര്‍നെറ്റ് കണക്ഷനുള്ളതെങ്കില്‍ ഗ്രാമീണമേഖലകളില്‍ 100 പേര്‍ക്കു 149 കണക്ഷനുകളാണ്. ദേശീയ തലത്തില്‍ ഗ്രാമീണ മേഖലയില്‍ ഓരോ 100 പേരിലും 37 പേര്‍ക്ക് മാത്രമാണ് ഇന്റര്‍നെറ്റ് ഉള്ളത്. നഗരമേഖയില്‍ 103 ആണ്. കേരളത്തില്‍ ആകെ ഇന്റര്‍നെറ്റ് കണക്ഷന്‍ 3.1 കോടി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കണക്ഷന്‍ : 7.14 കോടി.
ഒരാളുടെ ശരാശരി ഉപഭോഗം 14.04 ജിബി
2021 ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് ഒരു വ്യക്തിയുടെ ശരാശരി പ്രതിമാസ ഇന്റര്‍നെറ്റ് ഉപഭോഗം 14.04 ജിബി. കോവിഡിനു മുന്‍പ് 2019ല്‍ ഒരു വ്യക്തിയുടെ ഒരു മാസത്തെ ഉപയോഗം ശരാശരി 9.77 ജിബി ഡേറ്റയായിരുന്നു.2021 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ഇന്ത്യയിലെ മൊബൈല്‍ ഉപഭോക്താക്കള്‍ ഉപയോഗിച്ചത് 4.7 ജിബി വലുപ്പമുള്ള 772 കോടി സിനിമകള്‍ക്ക് തത്തുല്യമായ ഇന്റര്‍നെറ്റ് ഡേറ്റയാണ്, അഥവാ 34,608 പെറ്റാബൈറ്റ്! (1 പെറ്റാബൈറ്റ്=10.48 ലക്ഷം ജിബി) . 2019ല്‍ ഇതേ സമയത്തിത് ഏകദേശം 400 കോടി സിനിമയ്ക്കു തുല്യമായ ഡേറ്റ മാത്രമാണ് ഉപയോഗിച്ചത്.