കാലവര്‍ഷം ദുരന്ത സാധ്യത പ്രദേശങ്ങളില്‍ ജാഗ്രത വേണം

0

കാലവര്‍ഷം ശക്തമായതോടെ പ്രകൃതി ദുരന്തങ്ങളും പകര്‍ച്ചവ്യാധികളും ഉള്‍പ്പെടെ യുളള കെടുതികള്‍ നേരിടുന്നതിനായി ജില്ലാ ഭരണകൂടം നടപടികള്‍ തുടങ്ങി. തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ അപകട സാഹചര്യങ്ങളും രോഗങ്ങളും തടയുന്നതിനുളള മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും ജില്ലാ കളക്ടര്‍ എ.ഗീതയുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന ഉദ്യോഗസ്ഥ യോഗം വിലയിരുത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പ് വരും ദിവസങ്ങളില്‍ കനത്ത മഴ സാധ്യതാ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

ദുരന്ത സാധ്യത മേഖലയായി കണ്ടെത്തിയ പ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബ ങ്ങളുടെ വിവരങ്ങള്‍ ഇനിയും ലഭ്യമാക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തരമായി ഇക്കാര്യം അറിയിക്കണം. സജ്ജമാക്കുന്ന ക്യാമ്പുകളുടെ വിവരങ്ങളും യഥാസമയം അപ്‌ഡേറ്റ് ചെയ്യണം. ദുരന്ത സാഹചര്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി തദ്ദേശസ്വയംഭരണ തലത്തില്‍ രൂപീകരിച്ച ദുരന്ത പ്രതികരണ സേനയുടെ വിവരങ്ങളും ലഭ്യമാക്കണം. മേപ്പാടി, കോട്ടത്തറ, പടിഞ്ഞാറത്തറ, മുള്ളന്‍ങ്കൊല്ലി, പൂതാടി, തിരുനെല്ലി, എടവക, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തുകളും മാനന്തവാടി നഗരസഭയും നിലവില്‍ കണ്ടെത്തിയതിനു പുറമേ കൂടുതല്‍ ക്യാമ്പുകള്‍ കണ്ടെത്താനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

ക്യാമ്പുകളായി കണ്ടെത്തിയിട്ടുള്ള കെട്ടിടങ്ങളില്‍ അത്യാവശ്യമായിട്ടുള്ള വൈദ്യുതി, കുടിവെള്ളം, ശുചിമുറി, അടുക്കള എന്നിവ മെച്ചപ്പെടുത്തുന്നതിനുളള അടിയന്തര നടപടികളും തദ്ദേശ സ്ഥാപനങ്ങള്‍ സ്വീകരിക്കണം. എസ്.ഡി.ആര്‍.എഫില്‍ നിന്നും അനുവദിച്ചിട്ടുള്ള തുക ഇതിനായി ഉപയോഗിക്കാം. സ്വകാര്യഭൂമിയില്‍ അപകടഭീഷണിയായിട്ടുള്ള മരം മുറിച്ച് മാറ്റുന്നത് സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കണം. ദുരന്ത നിവാരണ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി തദ്ദേശ സ്വയംഭരണ അടിസ്ഥാനത്തില്‍ യോഗം വിളിച്ചു ചേര്‍ക്കാനും മഴ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും തദ്ദേശ സ്വയം ഭരണ വകുപ്പിന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!