ഗര്‍ഭഛിദ്രത്തിന് എല്ലാ സ്ത്രീകള്‍ക്കും അവകാശം; വിവാഹിത – അവിവാഹിത ഭേദമില്ലെന്ന് സുപ്രീം കോടതി

0

 

വിവാഹിതയെന്നോ അവിവാഹിതയെന്നോ ഭേദമില്ലാതെ, ഗര്‍ഭഛിദ്രം നടത്താന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി. ഗര്‍ഭഛിദ്രം നടത്തുന്നതിനുള്ള അവകാശത്തില്‍നിന്ന് അവിവാഹിതകളെ ഒഴിവാക്കുന്ന മെഡിക്കല്‍ ടെര്‍മിനേഷന്‍ ഒഫ് പ്രഗ്‌നന്‍സി ചട്ടങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചു.

സുരക്ഷവും നിയമപരവുമായ ഗര്‍ഭഛിദ്രത്തിന് എല്ലാ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്ന്, ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എഎസ് ബൊപ്പണ്ണ, ജെബി പര്‍ദിവാല എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഗര്‍ഭഛിദ്ര നിയമത്തില്‍ 2021ല്‍ വരുത്തിയ ഭേദഗതിയില്‍ വിവാഹിത, അവിവാഹിത വേര്‍തിരിവ് ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇരുപതു മുതല്‍ 24 വരെ ആഴ്ച പ്രായമുള്ള, ഉഭയസമ്മത ബന്ധത്തിലൂടെ ഉണ്ടാവുന്ന ഗര്‍ഭം അലസിപ്പിക്കാവുന്ന സ്്ത്രീകള്‍ ഏതൊക്കെ വിഭാഗത്തില്‍ പെടുന്നവര്‍ ആണെന്നാണ് നിയമത്തിലെ 3ബി ചട്ടം പറയുന്നത്. വിവാഹിതരായ സ്ത്രീകള്‍ മാത്രമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് എ്ന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ചട്ടം രൂപീകരിച്ചിരിക്കുന്നത്. ഇത് ഭരണഘടനാ വിരുദ്ധമാണ്. വിവാഹിത, അവിവാഹിത എന്ന വേര്‍തിരിവ് ഇവിടെ നിലനില്‍ക്കില്ല. സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ സ്വതന്ത്രമായി പ്രയോഗിക്കാന്‍ അവകാശമുണ്ട്- കോടതി പറഞ്ഞു.

ഗര്‍ഭഛിദ്രത്തിന് അനുമതി തേടി അവിവാഹിതയായ ഇരുപത്തിയഞ്ചുകാരി നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരഗിണിച്ചത്. 23 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!